Flash News

ഏഴിമലയില്‍ നാവിക അക്കാദമി ഓഫിസര്‍ ട്രെയിനി മരിച്ച നിലയില്‍



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നേവല്‍ ഓഫിസര്‍ ട്രെയിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പയുടെയും തിരൂരിലെ പുഷ്പലതയുടെയും മകന്‍ ഗൂഡപ്പ സൂരജ്(26) ആണു മരിച്ചത്.കെട്ടിടത്തില്‍നിന്നു വീണതാണ് മരണകാരണമെന്നു നാവിക അക്കാദമി അധികൃതര്‍ അറിയിച്ചു. എന്നാല്‍, നാവിക അക്കാദമി അധികൃതരുടെ പീഡനമാണ് മരണകാരണമെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സൂരജിനെ കെട്ടിടത്തില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് നാവിക അക്കാദമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ മരിക്കുകയായിരുന്നു. 2010ലാണ് സൂരജ് നാവിക അക്കാദമിയില്‍ സെയിലര്‍ പോസ്റ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടെ പരീക്ഷയെഴുതി ഓഫിസര്‍ പോസ്റ്റില്‍ പ്രവേശിച്ചു. 2013ലാണ് പരിശീലനത്തിനായി ഏഴിമലയിലെത്തിയത്. വളഞ്ഞവഴിയിലൂടെയാണ് ഓഫിസര്‍ സെലക്്ഷന്‍ നേടിയതെന്നാരോപിച്ച് സൂരജിനെ അക്കാദമി അധികൃതര്‍ നിരന്തരം പീഡിപ്പിക്കുകയും 2015ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ പിരിച്ചുവിടുകയും ചെയ്തതായി സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന്് സൂരജ് നാവികസേനാ അധികൃതര്‍ക്കെതിരേ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും പരിശീലനത്തിനായി ഏഴിമലയിലെത്തിയത്. കോടതിവിധി വന്നപ്പോള്‍ തന്നെ താന്‍ തിരികെ ഏഴിമലയിലേക്കു തന്നെയല്ലേ വരുന്നതെന്നും കാണിച്ചുതരാമെന്നും അധികൃതര്‍ സൂരജിനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീണ്ടും പരിശീലനത്തിനെത്തിയതു മുതല്‍ തന്നെ പീഡനം തുടരുന്നതായി സൂരജ് ഫോണില്‍ തന്നെ അറിയിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു. 10 ദിവസം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വരേണ്ടതായിരുന്നു. അതിനിടെയാണ് മരണം. സൂരജ് രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുെന്നന്നാണ് അധികൃതര്‍ പറയുന്നത്്. എന്നാല്‍, തന്റെ സഹോദരന്‍ ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും കൊന്നതാണെന്നും സനോജ് പറഞ്ഞു. സുരജിന്റെ മാതാപിതാക്കള്‍ ഇന്നലെ രാവിലെ പരിയാരത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് സതേണ്‍ നേവല്‍ കമാന്‍ഡന്റ് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it