ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; 23.55% വര്‍ധന

കെ എ സലിം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്കു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ശമ്പളപരിഷ്‌കരണം നടപ്പാക്കുക. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അലവന്‍സ് ഉള്‍പ്പെടെ 23.55 ശതമാനവും പെന്‍ഷന്‍ 24 ശതമാനവും വര്‍ധിക്കും. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനത്തിന്റെ വര്‍ധനയാണു വരുത്തിയിരിക്കുന്നത്. അലവന്‍സില്‍ 63 ശതമാനത്തിന്റെയും.
47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞതവണ ശമ്പളം കൂട്ടിയപ്പോള്‍ ലഭിച്ചതിന്റെ മൂന്നിരട്ടിയായിട്ടാണ് ഇപ്പോള്‍ വര്‍ധിക്കുക. ഇതോടെ കേന്ദ്രസര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എംപിമാരേക്കാള്‍ ശമ്പളമുണ്ടാവും. സര്‍ക്കാരിന് ഓരോ വര്‍ഷവും 1.02 ലക്ഷം കോടിയുടെ അധികബാധ്യത ഇതുവഴിയുണ്ടാവും.
കമ്മീഷന്‍ ശുപാര്‍ശകള്‍ നേരിയ ഭേദഗതിയോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനുവരിമുതലുള്ള കുടിശ്ശിക ഒറ്റ ഘട്ടമായി നല്‍കും. നിലവില്‍ 7000 മുതല്‍ 11,000 വരെയായിരുന്ന അടിസ്ഥാന ശമ്പളത്തിനു പകരം കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാക്കി ഉയര്‍ത്തി.
ഏറ്റവും ഉയര്‍ന്ന ശമ്പളമായ 90,000 രൂപ വാങ്ങുന്ന കാബിനറ്റ് സെക്രട്ടറിക്ക് ഇനി 2,25,000 രൂപ ശമ്പളം ലഭിക്കും. ഐഎഎസ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 23,000 രൂപയ്ക്ക് പകരം ഇനി 56,000 രൂപ ലഭിക്കും. സൈന്യത്തിലെ ശിപായിക്ക് 21,700 രൂപയായിരിക്കും ഇനി കുറഞ്ഞ ശമ്പളം. 8,460 രൂപയാണ് ഇവര്‍ക്കു നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയും കൂടിയ ശമ്പളം 2,25,000 രൂപയുമായി നിജപ്പെടുത്തിയാണു കഴിഞ്ഞ നവംബറില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനത്തിന്റെയും പെന്‍ഷനില്‍ 24 ശതമാനത്തിന്റെയും വര്‍ധന ശുപാര്‍ശ ചെയ്തിരുന്നു.
10 വര്‍ഷത്തിലൊരിക്കലാണു കേന്ദ്രജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്. 2008ലാണ് ഇതിനുമുമ്പ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം കൂട്ടിയത്. 20 ശതമാനത്തിന്റെ വര്‍ധനയ്ക്കാണ് ആറാമത് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നതെങ്കിലും സര്‍ക്കാര്‍ അത് ഇരട്ടിയാക്കി നടപ്പാക്കി. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും ചെറിയ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ധന നടപ്പാക്കുന്നതിന് 73,650 കോടി രൂപ പൊതുബജറ്റില്‍ നിന്നും 24,450 കോടി റെയില്‍വേ ബജറ്റില്‍ നിന്നും നല്‍കും. ഓരോ 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പളവര്‍ധന നല്‍കാന്‍ കമ്മീഷന്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നാല്‍ വാര്‍ഷികവര്‍ധന മൂന്നു ശതമാനമായി തുടരും. 52 അലവന്‍സുകള്‍ എടുത്തുകളയാനും ശുപാര്‍ശയിലുണ്ട്.
ഈ വര്‍ഷം മാത്രം 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനു ശമ്പള പരിഷ്‌കരണത്തിലൂടെ വന്നുചേരുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍, ശമ്പളവര്‍ധനയോടെ രാജ്യത്തെ വ്യാപാരമേഖലയില്‍ ഗുണപരമായ മാറ്റമുണ്ടാവുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് ഗുണംചെയ്യുമെന്നുമാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം, വിപണിയില്‍ കൂടുതല്‍ പണമെത്തുന്നതു പണപ്പെരുപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിന് കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ അധ്യക്ഷനായ സമിതിക്ക് ജനുവരിയില്‍ സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it