Flash News

ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍: പുതുക്കിയ അലവന്‍സുകള്‍ ജൂലൈയില്‍ നിലവില്‍ വന്നേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പുതുക്കിയ അലവന്‍സുകള്‍ അടുത്തമാസം മുതല്‍ നിലവില്‍ വന്നേക്കും. ഹൗസ് റെന്റ് അലവന്‍സില്‍ (എച്ച്ആര്‍എ) അടക്കം അടുത്തമാസത്തോടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പരിശോധിച്ച അശോക് ലവാസ സമിതി ഏപ്രില്‍ 27നാണ് ധനമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പിച്ചത്. റിപോര്‍ട്ടിന്‍മേലുള്ള തുടര്‍ തീരുമാനങ്ങള്‍ക്കായി സെക്രട്ടറിതല ഉന്നതാധികാര സമിതിയെ മന്ത്രാലയം നിയോഗിച്ചിരുന്നു. അലവന്‍സുകളില്‍ എല്ലാ ജീവനക്കാര്‍ക്കും ബാധകമായ തരത്തിലും, പ്രത്യേക വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ബാധകമായ തരത്തിലുമുള്ള ഭേഗഗതികള്‍ക്ക് ലവാസ സമിതി നിര്‍ദേശിച്ചതായി ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് എ കെ മാഥൂറിന്റെ നേതൃത്വത്തിലുള്ള ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ അലവന്‍സ് പരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശകള്‍ ലവാസ സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. എച്ച്ആര്‍എയില്‍ എക്‌സ് വിഭാഗത്തിന് 24 ശതമാനവും വൈ വിഭാഗത്തിന് 16 ശതമാനവും ഇസഡ് വിഭാഗത്തിന് എട്ടു ശതമാനവും അടിസ്ഥാന ശമ്പളം കണക്കാക്കി വര്‍ധിപ്പിക്കാനായിരുന്നു എ കെ മാഥുര്‍ അധ്യക്ഷനായ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പിന്നീട് ഇത് പരിഷ്‌കരിച്ച് യഥാക്രമം 27, 18, 9 ശതമാനം എന്ന നിരക്കില്‍ വര്‍ധിപ്പിക്കണമെന്നു വീണ്ടും ശുപാര്‍ശ ചെയ്തിരുന്നു.ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ റെയില്‍വേ, പ്രതിരോധം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അലവന്‍സുകളില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് അശോക് ലവാസ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു. റെയില്‍വേയ്ക്കു പുറമേ പോസ്റ്റല്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ അലവന്‍സ് വര്‍ധനവിലും ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചതിനു പുറമേ ചില മാറ്റങ്ങള്‍ വേണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it