ernakulam local

ഏലൂര്‍ നഗരസഭ: അവകാശവാദം ഉന്നയിച്ച് സിപിഐ

ഏലൂര്‍: തിരഞ്ഞെടുപ്പില്‍ 18 സീറ്റ് ലഭിച്ച് അധികാരം തിരിച്ചു പിടിച്ച ഇടതുമുന്നണിക്ക് ഏലൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉയരുന്നു. ഇടതുമുന്നണിക്ക് ആകെ ലഭിച്ച 18 സീറ്റില്‍ 12 സീറ്റ് സിപിഎമ്മിനും ആറു സീറ്റ് സിപിഐയ്ക്കുമാണ് ലഭിച്ചത്. സിപിഎം ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും കളമശ്ശേരി ഏരിയാകമ്മിറ്റി അംഗവുമായ സിപി ഉഷയെയാണ്.
ജില്ലയില്‍ ആകെയുള്ള 13 മുനിസിപ്പാലിറ്റികളില്‍ ഇടതുമുന്നണിക്കു ലഭിച്ച അഞ്ചു മുനിസിപ്പാലിറ്റികളില്‍ ഒന്നില്‍ തങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്ന അവകാശവാദം ഉന്നയിച്ചാണ് സിപിഐ ഏലൂരില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് എത്തിയിരിക്കുന്നത്. ജില്ലയില്‍ തന്നെ നഗരസഭകളില്‍ സിപിഐയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത് ഏലൂര്‍ നഗരസഭയിലാണ്. അതിനാലാണ് ഇടതുമുന്നണിയുടെ ജില്ലാതല കമ്മിറ്റിയില്‍ തന്നെ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനം സിപിഐയ്ക്ക് വേണമെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം വി എസ് ഗ്രൂപ്പിന്റെ പ്രമുഖ വക്താവായിരുന്ന സിപി ഉഷയോട് ഔദ്യോഗികവിഭാഗത്തിന്റെ പുറം തിരിഞ്ഞുള്ള നിലപാടാണ് സിപിഐയെ ഏലൂര്‍ നഗരസഭയിലെ ചെയര്‍പേഴ്‌സന്‍ സ്ഥാനം ആവശ്യപ്പെടാന്‍ സാഹചര്യം ഒരുക്കിയതെന്നും പറയപ്പെടുന്നു. വി എസ് ഗ്രൂപ്പിനു വ്യക്തമായ ആധിപത്യമുള്ള മേഖലയാണ് ഏലൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏലൂരില്‍ എട്ടു സീറ്റിലാണ് സിപിഐ മല്‍സരിച്ചിരുന്നത്. ഇതില്‍ ആറു സീറ്റിലും സിപിഐ വിജയിച്ചിരുന്നു.
Next Story

RELATED STORIES

Share it