Idukki local

ഏലപ്പാറ പഞ്ചായത്ത് ജീവനക്കാര്‍ സമരത്തില്‍ നിന്നു പിന്‍മാറി

പീരുമേട്: പരാതിയില്‍ നടപടിയുണ്ടാകുമെന്ന് ഭരണസമിതിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാര്‍ സമരം നടത്തിയില്ല. കെട്ടിട നികുതി ഈടാക്കിയതിനെ ചൊല്ലി ഏലപ്പാറ പഞ്ചായത്ത് കാര്യാലയം അടിച്ചു തകര്‍ത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്താനിരുന്ന പെന്‍ ഡൌണ്‍ സമരം ഒഴിവാക്കി.
കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി എം എസ് രവി പീരുമേട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും കാര്യാലയത്തിലെ ഫയലുകളും ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചതില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. കെട്ടിടനികുതിയുടെ പേരില്‍ ജപ്തി ഭീഷണി മുടക്കി കോഴിക്കാനം സ്വദേശിയുടെ പക്കല്‍ നിന്നും അമിത തുക ഈടാക്കിയെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകരും പഞ്ചായത്ത് സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പഞ്ചായത്ത് കാര്യാലയത്തിലെ കമ്പുട്ടറും ഫയലുകളും ജനല്‍ചില്ലുകളും തകര്‍ത്തത്. ഇതേസമയം കാര്യാലയത്തിനു മുകള്‍ നിലയില്‍ പഞ്ചായത്ത് ഭരണസമിതി യോഗം ചേരുകയായിരുന്നു. ബഹളം കേട്ട പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ എത്തി സിപിഎം പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അന്ന് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.
പഞ്ചായത്ത് കാര്യാലയത്തില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി എന്ന പരാതി കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാല്‍ കാര്യാലയത്തില്‍ ഉണ്ടായ നാശനഷ്ട്ങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.
Next Story

RELATED STORIES

Share it