Idukki local

ഏലക്കായ വില തകര്‍ന്നു; കര്‍ഷകര്‍ നിരാശയില്‍



കട്ടപ്പന: രണ്ട് ആഴ്ച മുമ്പുവരെ മികച്ച വില ലഭിച്ചുകൊണ്ടിരുന്ന ഏലക്കായുടെ വില കൂപ്പുകുത്തി. 1250 രൂപയായിരുന്നു രണ്ടാഴ്ച മുമ്പ്. ഇപ്പോളത് 900 ആയി കുറഞ്ഞു. വിളവെടുപ്പ് സീസണ്‍ തുടങ്ങിയതോടെ വില കുറഞ്ഞത് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ തീ കോരിയിട്ട അനുഭവമായി. വിളവെടുപ്പ് രണ്ട് മൂന്ന് തവണ കഴിഞ്ഞതോടെ മാര്‍ക്കറ്റിലേക്ക് ഉണങ്ങിയ ഏലക്കായയുടെ വരവ് ഏറിയതാണ് വില കുറയാന്‍ കാരണമെന്ന് ഏലക്കാ വ്യാപാരികള്‍ പറയുന്നു. വിളവെടുപ്പ് സമയത്ത് വില കുറയുന്നതിനാല്‍ കര്‍ഷകര്‍ക്ക് എന്നും കടവും നഷ്ടവും മാത്രം ബാക്കിയാവുന്നു. ഉണങ്ങിയ ഏലക്കായ അധികനാള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയില്ല. കാറ്റും ഈര്‍പ്പവും കടക്കാതെ നോക്കിയാല്‍ രണ്ടുമാസം വരെ മാത്രം സൂക്ഷിക്കാന്‍ കഴിയും. ഇതിനകം വില്‍പന നടത്തിയില്ലെങ്കില്‍ ഗുണമേന്മ കുറഞ്ഞുപോവും. പിന്നെ വ്യാപാരികള്‍ വാങ്ങാതെയാവുന്നു.സാര്‍ക്ക് രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ നികുതി നിരക്കില്‍ ഇറക്കുമതി നടത്തുന്നതും ഗ്വാട്ടിമാല ഏലത്തിന്റെ വരവും ഇന്ത്യന്‍ ഏലക്കായയുടെ വില തകരുന്നതിന് പലപ്പോഴും കാരണമാവുന്നുണ്ട്. ഏലക്കായക്ക് അടിസ്ഥാന തറവില ഒരിക്കലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. മാര്‍ക്കറ്റിന്റെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് ഏലം വില ഒരിക്കലും സ്ഥിരമായി നില്‍ക്കുകയില്ല. ഇതിനു പരിഹാരമായാണ് പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ആധുനിക സംവിധാനങ്ങളോടെ ഗോഡൗണ്‍ തുടങ്ങിയത്. കൃഷിക്കാര്‍ ഉണങ്ങിയ ഏലക്കായ ഇവിടെ ഏല്‍പ്പിച്ചാല്‍ ഒരു വര്‍ഷം വരെ കേടുവരാതെ സംരക്ഷിക്കാന്‍ ആവശ്യമായ സംവിധാനം ഉണ്ട്. നിശ്ചിത ശതമാനം തുക കര്‍ഷകര്‍ക്ക് കൈപ്പറ്റാം. ഇത് വന്‍കിട കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും മാത്രമാണ് ഇപ്പോള്‍ ഉപകരിക്കുന്നത്. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് ഇതിന്റെ നടപടിക്രമങ്ങളും നൂലാ—മാലകളും പ്രയാസം സൃഷ്ടിക്കുന്നു കര്‍ക്കടകം 18ന് വിളവെടുപ്പ് തുടങ്ങുക എന്നതാണ് തമിഴ് ഏലം കര്‍ഷകരുടെ പതിവ്. ആടി 18ന് ആരംഭിക്കുന്ന ഏലം വിളവെടുപ്പ് മഴയെ മാത്രം ആശ്ര—യിക്കുന്നവര്‍ക്ക് അഞ്ചുമാസം നീണ്ടുനില്‍ക്കും. മികച്ച പരിചരണം നല്‍കുന്ന തോട്ടങ്ങളില്‍നിന്ന് മാസംതോറും വിളവെടുക്കാന്‍ കഴിയും. ആധുനികവല്‍ക്കരണം ഏലം കൃഷിയിലും നടപ്പാക്കിത്തുടങ്ങിയതോടെ 12 മാസവും വിളവ് എടുക്കാമെന്ന സ്ഥിതിയുണ്ട്. തുള്ളിനന, ശാസ്ത്രീയമായ തണലും പരിചരണവും, വളം സൂക്ഷ്മ പോഷണം ഹോര്‍മോണ്‍ തുടങ്ങിയവയുടെ പ്രയോഗം എന്നിവ മൂലം ഏലക്കായുടെ ഉല്‍പാദനം കൂടിയിട്ടുണ്ട്.9000 മുതല്‍ 12,000 ടണ്‍ വരെയാണ് നമ്മുടെ പ്രതിവര്‍ഷ ഉല്‍—പാദനം.
Next Story

RELATED STORIES

Share it