Idukki local

ഏലം വിലയിടിവിനെതിരേ കര്‍ഷക-തൊഴിലാളി സംഘടനകളുടെ ഉപവാസം

നെടുങ്കണ്ടം: ഏലം കര്‍ഷകരും തൊഴിലാളി സംഘടനകളും തൊഴിലാളികളും ചേര്‍ന്നു നടത്തുന്ന യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി. നെടുങ്കണ്ടത്ത് ഏലം വിലയിടിവിനെതിരേ നടന്ന കൂട്ട ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏലം വിലയിടിവിനെതിരേ സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇന്ത്യയുടെ ഏലം കൃഷിയുടെ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.
അതില്‍ തന്നെ ഇടുക്കി ജില്ലയാണ് സിംഹഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത്. വിലത്തകര്‍ച്ച മൂലം ഒരു ജനതയാകെ ദുരിതക്കയത്തിലേക്കു മുങ്ങുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി. ചെറുകിട ഏലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. റബര്‍ കര്‍ഷകര്‍ക്കു പാക്കേജ് പ്രഖ്യാപിച്ചതു പോലെ ഏലം കര്‍ഷകര്‍ക്കും പ്രത്യേകം പാക്കേജ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണ്. ഏലം കര്‍ഷക സമരം ഏറ്റെടുത്ത് വന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും എംപി വ്യക്തമാക്കി. ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധി തവണ ഏലം വിലത്തകര്‍ച്ച പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. വരുന്ന ബജറ്റു സമ്മേളനത്തിലും ഏലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പാര്‍ലമെന്റില്‍ ഉന്നയിക്കും.
കേരളത്തില്‍ നിന്നുള്ള മറ്റെല്ലാ എംപിമാരും കൂടിയാലോചിച്ച് പ്രധാനമന്ത്രിയെയും വാണിജ്യമന്ത്രി നിര്‍മല സീതാരാമനെയും കാണും. മുഖ്യമന്ത്രിയുമായി പ്രത്യേക പാക്കേജിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും എംപി അറിയിച്ചു. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ എംപി കര്‍ഷകരോടൊപ്പം ഉപവസിച്ചു.
Next Story

RELATED STORIES

Share it