Idukki local

ഏലം പാക്കേജ്; കര്‍ഷക ഫെഡറേഷന്‍ പ്രധാനമന്ത്രിയെ കാണും

കട്ടപ്പന: ഏലം കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വാണിജ്യ മന്ത്രിയെയും മുഖ്യ മന്ത്രിയെയും കാണുന്നതിനായി പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ചേര്‍ന്ന ഏലം കര്‍ഷക ഫെഡറേഷന്‍ യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഏലം കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ബോധ്യപ്പെടുത്തി നിവേദനം നല്‍കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ എംപിമാരെയും പങ്കെടുപ്പിച്ചാണ് പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിയേയും കാണുന്നത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ആഴ്ച്ചയില്‍ തന്നെ പ്രധാനമന്ത്രിയെ കാണും. റബര്‍ പാക്കേജ് മാതൃകയില്‍ ഏലം കര്‍ഷകര്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുന്നതിനും തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള എംപി, എംഎല്‍എമാര്‍, കര്‍ഷകസംഘടനാ നേതാക്കള്‍ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ എന്നിവരോടൊരുമിച്ചാണ് മുഖ്യമന്ത്രിയെ കാണുന്നത്. സംസ്ഥാന കൃഷി, വൈദ്യുതി മന്ത്രിമാരെയും കാണും.
സംസ്ഥാന ജാഥ നയിച്ച് ജില്ലയിലെത്തുന്ന പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് നിവേദനം നല്‍്കി ഏലം പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു.സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, എന്‍സിപി പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തുന്നത്.
16 ആവശ്യങ്ങളടങ്ങിയ നിവേദനമാണ് പ്രധാന മന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും നല്‍കുക. സ്‌പൈസസ് പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ ഏലം കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
ഏലം കര്‍ഷക സംഘടനാ നേതാക്കളായ കണ്‍വീനര്‍ ആര്‍ മണിക്കുട്ടന്‍, സി കെ കൃഷ്ണന്‍കുട്ടി, ഫാ. മാത്യു പൊന്നമ്പേല്‍, എസ് ജീവാനന്ദന്‍, എം എം ലംബോദരന്‍, പി സി മാത്യു, പി ആര്‍ സന്തോഷ്, രാജന്‍ സ്വാതി സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it