ഏറ്റുമുട്ടല്‍ കൊലകള്‍: ന്യായീകരണവുമായി ആദിത്യനാഥ്‌

ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസ്സിലാവുന്ന ആളുകള്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും യോഗി താക്കീത് നല്‍കി. ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കും. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കള്‍ നിയമസഭയില്‍ മോശമായി പെരുമാറുന്നത് അപഹാസ്യമാണ്, സഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ നിയമസഭയുടെ പാരമ്പര്യത്തിനുതകുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞവര്‍ഷം അധികാരത്തിലേറിയ ആദിത്യനാഥ് സര്‍ക്കാരിന് അടുത്തകാലത്തായി പോലിസ് ഏറ്റുമുട്ടലുകളില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഡിജിപി ആസ്ഥാനത്ത് നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം 2017 മാര്‍ച്ച് മുതല്‍ 38 പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് 20 മുതല്‍ 2018 ജനുവരി 31 വരെയുള്ള കാലയളവില്‍ 1,142 ഏറ്റുമുട്ടലുകല്‍ നടന്നു. കഴിഞ്ഞ 25 ദിവസങ്ങളിലായി മാത്രം സംസ്ഥാനത്തുടനീളം നടന്ന 60 ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it