ഏറ്റുമുട്ടലില്‍ 6 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സൗത്ത് കശ്മീരിലെ ഷോപിയാനില്‍ ഞായറാഴ്ച രാത്രി മൊബൈല്‍ വെഹിക്കിള്‍ ചെക്‌പോസ്റ്റിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സേനയുടെ മൊബൈല്‍ ചെക്‌പോസ്റ്റില്‍ സിഗ്‌നല്‍ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനികര്‍ പറയുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരും നാല് സിവിലിയന്‍മാരുമാണ് കൊല്ലപ്പെട്ടത്.
എന്നാല്‍, കൊല്ലപ്പെട്ടത് സായുധരും സഹായികളുമാണെന്നും മൂന്ന് സായുധര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും സുരക്ഷാസേന അറിയിച്ചു. അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്നും അയാളുടെ മൃതദേഹം മറ്റൊരു വാഹനത്തിലായിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ഈ വര്‍ഷം സൈന്യത്തിന്റെ വെടിവയ്പില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് രണ്ടാംതവണയാണ്.
സംഭവത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സായുധരുടെ സഹായികളെന്ന് വ്യാഖ്യാനിച്ചുള്ള ഏറ്റുമുട്ടല്‍ ന്യായീകരിക്കാനാവില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുഹമ്മദ് യൂസുഫ് ഭട്ട് എംഎല്‍എ ആവശ്യപ്പെട്ടു. ഒരു സാഹചര്യത്തിലും സിവിലിയന്‍മാരുടെ കൊല ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു മാസത്തെ ശീതകാല ഇടവേളയ്ക്കുശേഷം ഇന്ന് തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടിയായി വീണ്ടും അടച്ചു.
Next Story

RELATED STORIES

Share it