Kottayam Local

ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍ക്ക് തുടക്കം



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ നി ര്‍മാണ ജോലികള്‍ ആരംഭിച്ചു. നീണ്ടൂര്‍ റോഡിനും അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തിനും ഇടയില്‍ പുതിയ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ മണ്ണെടുക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിലവില്‍ നീണ്ടൂര്‍ റോഡിന്റെ വടക്കുവശത്താണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന ചെറിയ പ്ലാറ്റ് ഫോം നീളം കൂട്ടി വികസിപ്പിച്ചപ്പോള്‍ നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം പ്ലാറ്റ്‌ഫോമിനു മുകളിലൂടെയായത് യാത്രക്കാരെ ഏറെ വിഷമത്തിലാക്കിയിരുന്നു. അതിനിടെയാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം എന്ന നിര്‍ദേശം ഉയര്‍ന്നത്. അതിരമ്പുഴ പഞ്ചായത്തിലാണ് നിലവില്‍ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 45 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റേഷന്‍ മന്ദിരത്തിന് 1.1 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. നീണ്ടൂര്‍ റോഡിനെയും അതിരമ്പുഴ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍വേ റോഡ് നിരപ്പില്‍ നിന്നും താഴെ നിലവിലുള്ള പ്ലാറ്റ് ഫോമിന്റെ ലവലിലാണ് പുതിയ സ്‌റ്റേഷന്‍ നിര്‍മിക്കുക. നിലവിലുള്ള റോഡ് വീതി കൂട്ടി മതില്‍ കെട്ടി തിരിച്ച് നവീകരിച്ച ശേഷം പാര്‍ക്കിങ് സംവിധാനം കോട്ടയം റയില്‍വേ സ്റ്റേഷനിലേതു പോലെ ഏര്‍പ്പെടുത്തും.നിലവിലുള്ള 140 മീറ്റര്‍ പ്ലാറ്റ്‌ഫോം നിലനിര്‍ത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. പുതിയ സ്റ്റേഷന്‍ വരുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാവും. ഓപറേറ്റിങ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്കു മാറ്റും. എന്നാല്‍ നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. നീണ്ടൂര്‍ റോഡിലെ മേല്‍പാലം പൊളിക്കുന്ന ജോലികള്‍ ഇന്നോ നാളെയോ ആരംഭിക്കും. ട്രെയിന്‍ ഗതാഗതത്തിനു തടസ്സമുണ്ടാവാത്ത രീതിയില്‍ ആധുനിക യന്ത്രം ഉപയോഗിച്ച് മൂന്നു ഘട്ടങ്ങളായി പാലം മുറിച്ചു നീക്കാനാണു ശ്രമം. ഇതിനുള്ള യന്ത്രം ഇന്ന് എത്തും. പരമാവധി 10 ദിവസത്തിനുള്ളില്‍ പാലം പൂര്‍ണമായി പൊളിച്ചുമാറ്റും. റെയില്‍വേ സ്റ്റേഷനോടൊപ്പം പുതിയ ഐലന്റ് പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണവും നടക്കും. ഒപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. യാര്‍ഡായി മാറുന്ന ഏറ്റുമാനൂരില്‍ ഫലത്തില്‍ നാല് പ്ലാറ്റ്‌ഫോമുകള്‍ ആയിരിക്കും ഉണ്ടാവുക.പാളങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പുതുതായി പണിയുന്ന മേല്‍പാലത്തിനു 40 മീറ്റര്‍ നീളമുണ്ടാവും. ഇലക്ട്രിക്കല്‍ സ്റ്റാന്‍ഡേര്‍ഡില്‍ നവീകരിക്കുന്നതിനാല്‍ പാലത്തിന്റെ ഉയരവും വീതിയും കൂടും. അപ്രോച്ച് റോഡുകളുടെ ഉയരവും ഇതിനു പിന്നാലെ കൂട്ടും. കോട്ടയത്തിനും കുറുപ്പന്തറയ്ക്കും ഇടയ്ക്ക് മൂന്ന് മേല്‍പ്പാലങ്ങളാണ് പൊളിച്ചുപണിയുക.
Next Story

RELATED STORIES

Share it