Flash News

ഏറ്റവുമധികം നിരോധിത കറന്‍സി മാറിയത് അമിത് ഷാ ഡയറക്ടറായ ബാങ്ക്

അഹ്മദാബാദ്: മോദി സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്ന് ഏറ്റവുമധികം നിരോധിത കറന്‍സികള്‍ മാറിയതു ബിജെപി പ്രസിഡന്റ് അമിത് ഷാ ഡയറക്ടറായ ബാങ്ക്. അമിത് ഷായുടെ അഹ്മദാബാദ് ജില്ലാ സഹകരണബാങ്ക് 745.59 കോടി രൂപയാണു മാറിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കറന്‍സി നിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകമാണ് ഇത്രയും പണം ബാങ്കിലൂടെ മാറ്റിയെടുത്തത്. അമിത് ഷാ വര്‍ഷങ്ങളായി ഈ ബാങ്കിന്റെ ഡയറക്ടര്‍ പദവിയില്‍ തുടരുകയാണ്. 2000ത്തില്‍ അദ്ദേഹം ബാങ്ക് ചെയര്‍മാനുമായിരുന്നു. 5050 കോടി രൂപ നിക്ഷേപമുള്ള ഈ ബാങ്ക് കഴിഞ്ഞ വര്‍ഷം 14.31 കോടി രൂപ ലാഭം നേടിയിട്ടുണ്ട്.
അമിത് ഷായുടെ ബാങ്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം നിരോധിത കറന്‍സി മാറിയത് ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ് ഭായി വിത്തല്‍ ഭായി റദാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ ബാങ്കാണ്. 693.19 കോടി രൂപയാണ് മാറി നല്‍കിയത്.
ഗുജറാത്തില്‍ ബിജെപിയുടെ കേന്ദ്രമാണ് രാജ്‌കോട്ട്. അഹ്മദാബാദ്, രാജ്‌കോട്ട് ബാങ്കുകള്‍ വന്‍ തോതില്‍ നിരോധിത കറന്‍സികള്‍ സ്വീകരിച്ചെങ്കില്‍ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന് വെറും 1.11 കോടി രൂപയുടെ നിരോധിത കറന്‍സി സ്വീകരിക്കാന്‍ മാത്രമാണു കഴിഞ്ഞത്. വിവരാവകാശ പ്രവര്‍ത്തകനായ മനോരഞ്ജന്‍ എസ് റോയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് 52 ശതമാനം നിരോധിത കറന്‍സികളും മാറിയത് ഏഴു പൊതുമേഖലാ ബാങ്കുകള്‍, 32 സഹകരണ ബാങ്കുകള്‍, 370 ജില്ലാ സഹകരണ ബാങ്കുകള്‍, നാല്‍പതോളം പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴിയാണ്.
7.91 ലക്ഷം കോടി രൂപയുടെ നിരോധിത കറന്‍സിയാണ് ഇവയിലൂടെ മാറ്റിയെടുത്തത്.
രാജ്യത്തെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലൂടെ മാറ്റിയ കറന്‍സികളേക്കാളും വിരലിലെണ്ണാവുന്ന ചില പോസ്റ്റ് ഓഫിസുകളിലൂടെയും ബാങ്കുകള്‍ വഴിയും വന്‍തോതില്‍ നിരോധിത കറന്‍സി മാറ്റിയതു സംശയത്തിനിടനല്‍കുന്നുണ്ടെന്നും ഇത് അതീവ ഗുരുതരമായി കാണണമെന്നും മനോരഞ്ജന്‍ എസ് റോയ് പറഞ്ഞു.
Next Story

RELATED STORIES

Share it