ഏറ്റവും വലിയ നീല നക്ഷത്ര ഇന്ദ്രനീലം ശ്രീലങ്കയില്‍ കണ്ടെത്തി

കൊളംബോ: ലോകത്ത് ഇന്നേവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ നീല നക്ഷത്ര ഇന്ദ്രനീലം ഖനനം ചെയ്‌തെന്ന അവകാശവാദവുമായി ശ്രീലങ്കന്‍ വിദഗ്ധര്‍. 1409.49 കാരറ്റ് ഭാരമുള്ളതാണ് ഈ ഇന്ദ്രനീലമെന്ന് കൊളംബോയിലെ രത്‌ന ഗവേഷണ സ്ഥാപനം അറിയിച്ചു. 1395 കാരറ്റ് ആയിരുന്നു മുന്‍ റെക്കോഡ്. ആദമിന്റെ നക്ഷത്രമെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഏദന്‍ തോട്ടത്തില്‍നിന്നിറക്കി വിട്ട ശേഷം ആദം ശ്രീലങ്കയില്‍ എത്തിച്ചേര്‍ന്നെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആദമിന്റെ നക്ഷത്രമെന്ന് പേര് നല്‍കിയത്.
രത്‌നത്തിന് 100 ദശലക്ഷം ഡോളര്‍ മൂല്യമുണ്ടെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, 175 ദശലക്ഷം ഡോളര്‍ വരെ ലേലത്തില്‍ കിട്ടുമെന്നാണ് രത്‌നത്തിന്റെ ഉടമസ്ഥന്റെ അനുമാനം. ശ്രീലങ്കയിലെ രത്‌നവ്യാപാരത്തില്‍ ഇന്ദ്രനീലമാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിയിനത്തില്‍ വര്‍ഷം തോറും 103 ദശലക്ഷം ഡോളറോളം ലഭിക്കാറുണ്ട്.
രത്‌നത്തിന്റെ നടുവില്‍ നക്ഷത്രത്തിന്റെ രൂപത്തിലുള്ള പ്രത്യേക അടയാളമാണ് ഇതിനെ നീല നക്ഷത്രം എന്ന ഗണത്തില്‍ പെടുത്താന്‍ കാരണം. തെക്കന്‍ ശ്രീലങ്കയിലെ രത്‌നങ്ങളുടെ നഗരമെന്നറിയപ്പെടുന്ന രത്‌നപുരയില്‍ നിന്നാണ് ഇന്ദ്രനീലം കണ്ടെത്തിയത്. ഇത് ആഭരണനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്നും പകരം പ്രദര്‍ശനത്തിനായി വയ്ക്കുമെന്നും ഉടമസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it