ഏറ്റവും ചെറിയ മല്‍സ്യം പൊന്നാനി കോള്‍മേഖലയില്‍

ഫഖ്‌റുദ്ദീന്‍   പന്താവൂര്‍

പൊന്നാനി: ഏറ്റവും ചെറിയ മല്‍സ്യ ഇനങ്ങളെ പൊന്നാനി കോള്‍പ്പാടത്ത് കണ്ടെത്തി. മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ഹെക്റ്റര്‍ കണക്കിന് വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കോ ള്‍പ്പാടത്താണ് പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ രണ്ട് സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഏറ്റവും ചെറിയ മല്‍സ്യത്തെ ലഭിച്ചത്.കോള്‍മേഖലയില്‍പ്പെട്ട പുഴയ്ക്കല്‍, പുല്ലഴി കോള്‍പ്പടവുകളിലാണ് ഹോറഡാന്റിയ ബ്രിട്ടാനി എന്ന അപൂര്‍വ ഇനത്തിലുള്ള മല്‍സ്യത്തെ കണ്ടെത്തിയത്. കാര്‍ഷിക സര്‍വകലാശാലയുടെ ഫോറസ്ട്രി കോളജിന്റെ സഹായത്തോടെ പനങ്ങാട് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല കോള്‍പ്പടവുകളില്‍ സംഘടിപ്പിച്ച സര്‍വേയിലാണു കണ്ടെത്തല്‍. 55 തദ്ദേശ മല്‍സ്യ ഇനങ്ങളെയും മൂന്നു വിദേശ മല്‍സ്യഇനങ്ങളെയുമാണ് സര്‍വേയില്‍ കണ്ടെത്തിയത്. ആദ്യമായാണ് പെന്നാനി കോള്‍പ്പാടത്ത് മല്‍സ്യ സര്‍വേ നടന്നത്. 40ഓളം ഗവേഷണ വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. പൊന്നാനി കോള്‍മേഖലകള്‍ അപൂര്‍വയിനം മല്‍സ്യങ്ങളുടെ കേന്ദ്രമാണെന്നാണു സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.കരിമീന്‍, കുറുവ, പരല്‍, വരാല്‍, നാരകന്‍, മഞ്ഞക്കൂരി, ആറ്റുകൊഴുവ തുടങ്ങി മലയാളികളുടെ രുചിഭേദങ്ങളെ നിര്‍ണയിക്കുന്ന നാടന്‍ മല്‍സ്യങ്ങളുടെ വലിയ ശേഖരം കോള്‍പ്പാടത്തുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. ഡോ. എം കെ സജീവന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it