ഏറ്റവും കൂടുതല്‍ ആതിഥേയത്വം വഹിച്ചത് തൃശൂര്‍ ജില്ല

കെ  എം  അക്ബര്‍

ചാവക്കാട്: സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിന് ഏറ്റവും കൂടുതല്‍ ആതിഥേയത്വം വഹിച്ചത് തൃശൂര്‍ ജില്ല. അടുത്ത മാസം നടക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അടക്കം ഒമ്പതു തവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള സംസ്‌കാരിക തലസ്ഥാനമായ തൃശൂരിനെ തേടിയെത്തിയത്.
ഏറ്റവുമൊടുവില്‍ തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടന്നത് 2012ലായിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിന് ആതിഥേയത്വം വഹിച്ചവരില്‍ രണ്ടാംസ്ഥാനം രണ്ടു ജില്ലകള്‍ക്കാണ്. എറണാകുളം, കോട്ടയം ജില്ലകളാണവ. ഇരുജില്ലകളിലും ഏഴു തവണ വീതം കലോല്‍സവത്തിന്റെ കേളികൊട്ടുയര്‍ന്നു. ഒരു തവണ വീതം ചങ്ങനാശ്ശേരിയിലും പാലയിലും നടന്നതുള്‍പ്പെടുത്തിയാണ് കോട്ടയം ഏഴ് പൂര്‍ത്തിയാക്കിയത്. മൂന്നാംസ്ഥാനവും രണ്ടു ജില്ലകള്‍ തന്നെയാണ് പങ്കിടുന്നത്. ആറ് തവണ വീതം കലോല്‍സവം നടന്ന ജില്ല  കോഴിക്കോടും തിരുവനന്തപുരവുമാണ്. നാലാംസ്ഥാനത്തിനും അവകാശികള്‍ രണ്ടു ജില്ലകള്‍ തന്നെ. പാലക്കാടും ആലപ്പുഴയും. അഞ്ചു തവണ വീതമാണ് ഇരു ജില്ലകളും കലാമാമാങ്കത്തെ വരവേറ്റിട്ടുള്ളത്. ഇതില്‍ ഒരോ തവണ കലോല്‍സവം നടന്ന ചിറ്റൂര്‍, ഷൊര്‍ണൂര്‍ എന്നിവ പാലക്കാടും മാവേലിക്കര ആലപ്പുഴയിലും ഉള്‍പ്പെടും. അഞ്ചാംസ്ഥാനം കണ്ണൂരിനാണ്. നാലുതവണ കണ്ണൂരില്‍ കലോല്‍സവം വിരുന്നെത്തി. മൂന്നു തവണവീതം നല്ല ആതിഥേയരായി മലപ്പുറവും കൊല്ലവും ആറാം സ്ഥാനത്തുണ്ട്. മലപ്പുറത്ത് നടന്ന മൂന്നു കലോല്‍സവങ്ങളില്‍ രണ്ടു തവണയും തിരൂരിലാണ് നടന്നത്. പത്തനംതിട്ട, കാസര്‍കോട് ജില്ലകളെ ഒരുതവണ മാത്രമാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തേടിയെത്തിയിട്ടുള്ളത്.
അതേസമയം, കേരളത്തിലെ 13 ജില്ലകളിലും പല തവണകളായി കേരള കൗമാരം നിറഞ്ഞാടിയപ്പോഴും ഒരിക്കല്‍പോലും വയനാടിന് ആ ഭാഗ്യം ലഭിച്ചില്ല. യാത്രാക്ലേശവും താമസ സൗകര്യങ്ങളുടെ കുറവുമാണ് വയനാടിന് സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യമില്ലാതെ പോവുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Next Story

RELATED STORIES

Share it