malappuram local

ഏറനാട് താലൂക്കില്‍ അതീവജാഗ്രതാ നിര്‍ദേശം

മഞ്ചേരി: ഇടവേളയ്ക്കുശേഷം മഴ ശക്തിയാര്‍ജിച്ചതോടെ ഏറനാട് താലൂക്കില്‍ അതീവ ജാഗ്രതാ നിര്‍ദേശം. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജനജീവിതത്തെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ജലാശങ്ങളെല്ലാം നിറഞ്ഞു കവിയുന്നതോടെ വെള്ളപ്പോക്ക ഭീഷണിയുമുണ്ട്.
ഉയര്‍ന്ന ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നു. താലൂക്കിലെ മലയോര ഗ്രാമങ്ങളില്‍ ഈ വര്‍ഷം തന്നെ ഉരുള്‍പൊട്ടലുകളുണ്ടായതിനാല്‍ ജാഗ്രത പാലിക്കുകയാണ് റവന്യൂ വകുപ്പും ദുരന്ത നിവാരണ വിഭാഗവും. ശക്തമായ മഴയില്‍ വയലുകളെല്ലാം വെള്ളത്തിലായി. തോടുകളടക്കമുള്ള ജലാശയങ്ങള്‍ കരകവിയുന്നതോടെ വെള്ളപ്പൊക്ക സാധ്യത വര്‍ധിക്കുകയാണ്. രാത്രിയിലും ജാഗ്രത പുലര്‍ത്തണമെന്നും വെള്ളമുയര്‍ന്ന ഭാഗങ്ങളില്‍ പോവാനുള്ള അവസരങ്ങള്‍ കുറയ്ക്കണമെന്നും താലൂക്ക് തഹസില്‍ദാര്‍ പി സുരേഷ് അറിയിച്ചു.
താലൂക്കില്‍ സഹായ ഡെസ്‌ക്കും പ്രവര്‍ത്തനം തുടങ്ങി. 0483 2766121 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാന്‍ സൗകര്യമുണ്ട്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് എടവണ്ണയിലെ കുണ്ടുതോട് എരഞ്ഞിക്കോട് ചളിരിങ്ങല്‍ കുണ്ടിലാടി മറിയുമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. എളങ്കൂര്‍ മൈലൂത്ത് അങ്ങാടിയില്‍ കുറ്റിപ്പുളിയന്‍ നാരായണന്റെ വീട് ഭാഗികമായി തകര്‍ന്നു. കിഴക്കെ ചാത്തല്ലൂരിനും പടിഞ്ഞാറെ ചാത്തല്ലൂരിനും ഇടയില്‍ ചോലാറ കോളനിയില്‍ അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി ചോലാറ കോളനിയിലെ അങ്കണവാടികള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ശക്തി കുറയും വരെ അങ്കണവാടികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ആദിവാസികളുടെ വീടിനു മുകള്‍ ഭാഗത്തായി ഭീമന്‍ പാറ ഭീഷണിയുയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പാറ നീക്കം ചെയ്യുന്ന പക്ഷം സമീപത്തെ രണ്ടു വീടുകള്‍ തകര്‍ന്നേക്കും.
ഇക്കാര്യം പരിശോധിക്കുന്നതിനായി റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. മുകളില്‍നിന്ന് മഴയുടെ കുത്തിയൊലിപ്പ് കാരണം കോളനിയിലേക്കുള്ള റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ കാലവര്‍ഷക്കെടുതികളില്‍ ഒരു മരണവും ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളും താലൂക്കില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20ാളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
അപകട സാധ്യത മുന്‍നിര്‍ത്തി കുട്ടികളെ വീടുകള്‍ക്ക് പുറത്തുവിടരുതെന്നും ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായതോടെ പാറമടകളുള്‍പെടെയുള്ള കേന്ദ്രങ്ങളില്‍ ഖനനം പൂര്‍ണമായും നിര്‍ത്താന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം മഴവെള്ളവുമായി കലര്‍ന്നൊഴുകുന്നത് ആരോഗ്യ ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
കിണറുകളില്‍ നിന്നടക്കമുള്ള വെള്ളം ഉപയോഗത്തിനു മുമ്പ് തിളപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. നിലവില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകൂടിയാണ് ഏറനാട് താലൂക്ക് പരിധി.
Next Story

RELATED STORIES

Share it