Kollam Local

ഏരൂരില്‍ ഏഴു വയസ്സുകാരിയുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഏരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ഏരൂര്‍ പുഞ്ചിരി മുക്കില്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമം ചെയ്തു രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസ്സിന്റെ അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് കുറ്റപത്രം കൊല്ലം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയായ രാജേഷ് രണ്ട് മാസത്തിലധികമായി ജയിലിലാണ്.കഴിഞ്ഞ ജൂലൈ 27ന് രാവിലെ എട്ടോടെയാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മൂമ്മ കുട്ടിയേയും കൂട്ടി ഏരൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്ന വഴി പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്ന കുട്ടിയുടെ കുഞ്ഞമ്മയുടെ ഭാര്‍ത്താവായ രാജേഷ് പെണ്‍കുട്ടിയെ ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്നു പറഞ്ഞ് അമ്മൂമ്മയുടെ അടുത്തുനിന്നും കൂട്ടികൊണ്ടുപോവുകയായിരുന്നു. കുളത്തുപ്പുഴ ചന്ദനക്കാവ് ചെറുകരയിലെ വനത്തില്‍ എത്തിച്ച് കുട്ടിയെ ലൈംഗികാതിക്രമം ചെയ്ത് കൊന്നശേഷം മൃതദേഹം ആര്‍പിഎല്‍ എസ്റ്റേറ്റില്‍ കൊണ്ടുപോയി. ഇവിടെ വച്ച് മൃതദേഹത്തിലും ലൈംഗിക അതിക്രമം നടത്തിയ ശേഷമാണ് ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ചത്.പെണ്‍കുട്ടിയെ കാണാതായ വിവരം അറിഞ്ഞ ഉടന്‍ തന്നെ പുനലൂര്‍ ഡപ്യൂട്ടി പോലിസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം അഞ്ചല്‍,ഏരൂര്‍ കുളത്തുപ്പുഴ സ്‌റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ആരംഭിക്കുകയും ഏരൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ രാജേഷ് കൂട്ടികൊണ്ട് പോയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സമൂഹിക മാധ്യമങ്ങളില്‍കൂടി ഇവരെ കണ്ടെത്തുന്നതിനായി അഭ്യര്‍ഥന നടത്തുകയും ചെയ്തു. രാത്രിയിലുടനീളം ഇവര്‍ പോകാനിടമുള്ള വിവിധ സ്ഥലങ്ങളിലും വനത്തിലുമായി അന്വേഷണം നടത്തിയെങ്കിലും പിറ്റേ ദിവസം രാവിലെ ഏഴോടുകൂടി കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റിലെ വനത്തിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹമാണ് പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മുമ്പും പലകേസ്സുകളിലും പ്രതിയായിരുന്നു.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയത്. പ്രതിയായ രാജേഷ് കഴിഞ്ഞ 68 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊട്ടാരക്കര സബ്ബ് ജയിലില്‍ കഴിയുകയാണ്. കൊലപാതകം നടന്ന് എഴുപത് ദിവസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it