malappuram local

ഏരിയാ സെക്രട്ടറിയെ മാറ്റി നിലവിലെ കമ്മിറ്റി തുടരാന്‍ സാധ്യത

എടപ്പാള്‍: സിപിഎം എടപ്പാള്‍ ഏരിയാ സമ്മേളനം നാളെമുതല്‍  കാലടി നരിപ്പറമ്പില്‍ നടക്കും. പുതിയ ഏരിയാ കമ്മിറ്റിയിലേയ്ക്ക് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നതാണ്  പൊതുധാരണ. 17 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിലവിലെ ഏരിയാ കമ്മിറ്റി തന്നെ വീണ്ടും തുടരാനാണ് സാധ്യത. അതേ സമയം തുടര്‍ച്ചയായി മൂന്നുതവണ ഏരിയാ സെക്രട്ടറി  സ്ഥാനത്തുള്ള സി രാധാകൃഷ്ണനെ മാറ്റി പകരം പുതിയൊരു സെക്രട്ടറിയെ തിരഞ്ഞെടുത്തേയ്ക്കും. മുന്‍ സമ്മേളന കാലയളവുകളില്‍ ഏരിയാ കമ്മിറ്റിയംഗങ്ങളായിരുന്ന ഒട്ടേറെ പേരാണ് പുതിയ ഏരിയാ കമ്മിറ്റികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലുള്ളത്. വിവിധ കാലങ്ങളിലെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയരായി കമ്മിറ്റികളില്‍നിന്നു പുറത്തായി നില്‍ക്കുന്നവരില്‍ വലിയൊരു വിഭാഗം നേതാക്കള്‍ സിഐടിയു സംഘടനയുടെ പ്രതിനിധികളും ഭാരവാഹികളുമായിരുന്നു. ഇത്തരക്കാരെ ആരേയും പുതുതായി തിരഞ്ഞെടുക്കുന്ന ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവിലെ ഔദ്യോഗിക നേതൃത്വത്തിന് യോജിപ്പില്ലെന്നാണറിയുന്നത്. ഇവര്‍ സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നാണ് ഔദ്യോഗിക നേതാക്കളുടെ നിലപാട്. അതേസമയം ഔദ്യോഗിക ഏരിയാ നേതൃത്വം ഒരു കോക്കസ്സായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആയിരക്കണക്കായ ട്രേഡ് യൂനിയന്‍ അംഗങ്ങളായുള്ള ഒരു ബഹുജന സംഘടനയുടെ ഭാരവാഹികളായ നേതാക്കളെ തഴയുന്ന നിലപാടാണ് ഏരിയാ നേതൃത്വം വര്‍ഷങ്ങളായി തുടരുന്നതെന്നുമാണ് വിമത വിഭാഗം ആരോപിക്കുന്നത്. തങ്ങളുടെ പ്രതിനിധികളെ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരം നടക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. പാര്‍ട്ടി ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ കര്‍ശന നിര്‍ദേശത്തെ തള്ളിക്കളഞ്ഞ് ഏരിയയിലെ ആറ് പഞ്ചായത്തുകളില്‍ നടന്ന ലോക്കല്‍ സമ്മേളനങ്ങളിലും ലോക്കല്‍ കമ്മിറ്റികളിലേയ്ക്ക് കടുത്ത മല്‍സരമാണ് നടന്നത്.
Next Story

RELATED STORIES

Share it