ഏപ്രില്‍ മുതല്‍ ജില്ലകളില്‍ സിറ്റിങ് ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ജില്ലകളില്‍ നടക്കുന്ന സിറ്റിങുകളില്‍ പങ്കെടുക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ ജീവനക്കാര്‍ക്ക് യാത്രാബത്തയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മുതല്‍ വിവിധ ജില്ലകളില്‍ നടക്കുന്ന സിറ്റിങുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ കമ്മീഷന്റെ തീരുമാനം. യാത്രാബത്താ നിയന്ത്രണം സംബന്ധിച്ചുള്ള അറിയിപ്പ് കമ്മീഷന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാക്കിയതായി കമ്മീഷന്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ കേസുകളെല്ലാം കമ്മീഷന്റെ തിരുവനന്തപുരം ഓഫിസില്‍ മാത്രം പരിഗണിക്കും. നേരത്തെ പരിഗണിച്ച കേസുകള്‍ മാത്രം അതാത് സിറ്റിങില്‍ നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും കമ്മീഷന്‍ സിറ്റിങ് നടത്തുന്നുണ്ട്. ചില ജില്ലകളില്‍ പരാതിക്കാരുടെ സൗകര്യാര്‍ഥം മൂന്നു സ്ഥലങ്ങളില്‍ വരെ സിറ്റിങ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തു മാത്രമാണ് കമ്മീഷന് ഓഫിസുള്ളത്. സിറ്റിങില്‍ കോര്‍ട്ട് ഓഫിസറും ഓഫിസ് അറ്റന്റന്റും നടപടിക്രമങ്ങള്‍ രേഖപ്പെടുത്താന്‍ കമ്മീഷന്റെ സ്റ്റാഫ് അംഗവുമാണു പോവുന്നത്. ഇവര്‍ സ്വന്തം കൈയില്‍ നിന്നു പണം മുടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സാധാരണ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ബാധകമായ മൂന്നുമാസത്തിലൊരിക്കലുള്ള യാത്രാബത്ത സീലിങ് കമ്മീഷനിലെ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. യാത്രാബത്ത നിയന്ത്രണം വന്നാല്‍ സിറ്റിങില്‍ പങ്കെടുക്കാനാവില്ലെന്നു ജീവനക്കാര്‍ അറിയിച്ചതായി കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. ഇക്കാര്യം കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ സീലിങ് ആവശ്യമെങ്കില്‍ ഒഴിവാക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് റാങ്കിലുള്ള കമ്മീഷന്‍ അധ്യക്ഷന് നല്‍കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ യാത്രാബത്ത സംബന്ധിച്ച് 2012നു ശേഷം മറ്റൊരു ഉത്തരവും പാസാക്കിയില്ലെന്നാണു ധനവകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവുപോലും ധനവകുപ്പ് അവഗണിച്ചതായി കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു.
കമ്മീഷന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അതിന് യുക്തമെന്നു തോന്നുന്ന തുക സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്ന് ചെലവഴിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നു മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ അനുശാസിക്കുമ്പോഴാണ് ധനവകുപ്പിന്റെ വിരുദ്ധ നിലപാട്. മനുഷ്യാവകാശ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. യഥാര്‍ഥ യാത്രാബത്തയാണു ജീവനക്കാര്‍ക്കു നല്‍കിവരുന്നത്. എന്നാല്‍ 2012ല്‍ ധനവകുപ്പ് പുറത്തിറക്കിയ യാത്രാബത്ത നിയന്ത്രണ ഉത്തരവ് കമ്മീഷനും ബാധകമാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് നിയമവകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്വതന്ത്ര അധികാര സ്ഥാപനമാണ്. സര്‍ക്കാര്‍ കമ്മീഷന് അനുവദിച്ചിരിക്കുന്ന ഗ്രാന്റില്‍ നിന്നു പണം ചെലവഴിക്കാനുള്ള അധികാരം കമ്മീഷനില്‍ മാത്രം നിക്ഷിപ്തമാണെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it