thiruvananthapuram local

ഏത് മതപുരോഹിതനുള്ള സിംഹാസനവും മാറ്റപ്പെടേണ്ടത് : കടകംപള്ളി



തിരുവനന്തപുരം:  ശൃംഖേരി മഠാധിപതി ഭാരതി തീര്‍ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിയിരുന്ന സിംഹാസനം എടുത്തുമാറ്റിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലിപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ല. ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് വലിപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ വേദിയില്‍ ആവശ്യമില്ലെന്നും ഏത് മതപുരോഹിതന് വേണ്ടിയായാലും ഇത്തരം സിംഹാസനങ്ങള്‍ എടുത്തു മാറ്റപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ശൃംഖേരി മഠാധിപതിക്ക് പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാല്‍ വേദിയില്‍ കയറാതെ പോയെന്ന് വാര്‍ത്തകളില്‍ കണ്ടു. ഒന്നരകോടി ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശൃംഖേരി മഠാധിപതി ശ്രീ ഭാരതി തീര്‍ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയോ അതിഥിയായി ക്ഷണിച്ചിരുന്നില്ലെന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ മനിസിലാവും. എന്നാല്‍ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോള്‍ മഠാധിപതി വന്നാല്‍ ഇരുത്താനാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാര്‍ പറഞ്ഞത്. മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് താന്‍ വി എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ സിംഹാസന ഇരിപ്പിടം എടുത്ത് മാറ്റിയതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പടിഞ്ഞാറേക്കോട്ടയിലെ മിത്രാനന്ദപുരം തീര്‍ഥക്കുളത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇന്നലെയാണ് സംഭവം.
Next Story

RELATED STORIES

Share it