ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നത്.
ആരോഗ്യവകുപ്പ് ഓഫിസില്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലെയും ഡിഎംഒമാര്‍ക്ക് ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള നിര്‍ദേശം മന്ത്രി നല്‍കിയിട്ടുണ്ട്. ജില്ലകളിലെ ഡിഎംഒമാരെ കൂടാതെ എന്‍എച്ച്എം ജില്ലാപ്രോഗ്രാം മാനേജര്‍മാരുടേ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടു വരുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി ആംബുലന്‍സുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
കൂടാതെ 24 മണിക്കൂറും മെഡിക്കല്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വിഴിഞ്ഞം, ശംഖുമുഖം എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രധാനമായും കടല്‍ക്ഷോഭത്തില്‍ ഇരയായവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 41 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ജനറല്‍ ആശുപത്രിയില്‍ 47 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലെ 3ഉം 4ഉം വാര്‍ഡുകള്‍ ഇതിനായി മാറ്റിയിട്ടുണ്ടെന്നും കൂടാതെ രോഗികള്‍ക്ക് ആഹാരവും വസ്ത്രങ്ങളുമെല്ലാം സൗജന്യമായി നല്‍കുന്നുന്നതിനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഡിഎംഒ, ഡിപിഎംമാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്.
കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ നീണ്ടകര താലൂക്ക് ആശുപത്രിയിലും 31 പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലും ചികില്‍സയിലാണ്. ആലപ്പുഴ ജില്ലയിലെ റിലീഫ് ക്യാംപില്‍ 88 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്ത് 313 പേരെയും മലപ്പുറത്ത് 180 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it