thiruvananthapuram local

ഏജന്‍സികള്‍ സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി അട്ടിമറിച്ചു

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി അട്ടിമറിച്ചു. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കും എസ്്‌സി, എസ്ടി വിഭാഗക്കാര്‍ക്കുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഉജ്വല്‍ യോജനപദ്ധതിയാണ് ഏജന്‍സികള്‍ അട്ടിമറിച്ചത്.
ഇന്ന് പഞ്ചായത്ത് തലത്തില്‍ വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് സൗജന്യ ഗ്യാസ് കണക്ഷന് ഗുണഭോക്താക്കളില്‍ നിന്നും പണം ഈടാക്കിയ വിവരം പുറത്തുവന്നിരിക്കുന്നത്.
വിവിധ ഏജന്‍സികളില്‍ പലതരത്തിലാണ് ഗുണഭോക്താക്കളെ കബളിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഗാര്‍ഹിക ഗ്യാസ് വിതരണ ഏജന്‍സി ഒരു ഗുണഭോക്താവില്‍ നിന്നും 1830 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 1450 രൂപ ഡെപ്പോസിറ്റ് തുകയാണെന്നാണ് അന്വേഷിച്ചപ്പോള്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ പറഞ്ഞത്.
ബാക്കിതുക അടുപ്പും റഗുലേറ്ററും ആണത്രേ. എന്നാല്‍ മറ്റൊരു ഏജന്‍സിക്കാര്‍ 800 രൂപയാണ് വാങ്ങുന്നത്. ഇവര്‍ക്ക് ഡെപ്പോസിറ്റ് ഇല്ല അടുപ്പിനും മറ്റാവശ്യഘടകങ്ങള്‍ക്കുമാണത്രേ ഈ തുക വാങ്ങുന്നത്. എന്നാല്‍ ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ഗുണഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാകട്ടെ 2400 രൂപ.
ഇത് എന്തിനാണെന്ന് ചോദിച്ചാല്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നത് കുറഞ്ഞ അടുപ്പാണ് ഇത് അപകടം വരുത്തുമെന്നും വിലകൂടിയ അടുപ്പ് നല്‍കാനാണെന്നുമാണ്. തുകയ്ക്ക് പുറമെ ഏജന്റുമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കാനുള്ള ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം രണ്ടെണ്ണം വീതം വേണം. ഇത് അനര്‍ഹര്‍ക്ക് സൗജന്യ കണക്ഷന്‍ അനധികൃതമായി നേടികൊടുക്കാനുള്ള തന്ത്രമാണെന്നാണ് അറിയുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് ബിപില്‍ കാര്‍ഡുള്ളവര്‍ക്കും എസ്‌സി എസ്്ടി വിഭാഗക്കാര്‍ക്കും സമ്പൂര്‍ണമായി സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി നല്‍കുന്നത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ സമര്‍പ്പിക്കുന്നവര്‍ക്കും കണക്ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇതില്‍ ചില ഗ്രാമപ്പഞ്ചായത്തുകളില്‍ ചില പഞ്ചായത്തംഗങ്ങള്‍ ഗുണഭോക്താക്കളില്‍ നിന്നും സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് പണം ഈടാക്കിയതായും പരാതിയുണ്ട്. സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി അട്ടിമറിച്ചതിലൂടെ ഏജന്‍സികളും ഏജന്റുമാരും വന്‍തുകയാണ് ഗുണഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തത്.
ഗുണഭോക്താക്കളില്‍ നിന്നും ഡെപ്പോസിറ്റായും മറ്റുപല പേരിലും പണം വാങ്ങിയിട്ടും പണം കൈപറ്റിയതിനുള്ള രേഖകളോ ബില്ലുകളോ നല്‍കിയിട്ടില്ല. ചോദിച്ചാല്‍ പദ്ധതിക്ക് അങ്ങനെ ഒന്നും നല്‍കാന്‍ കഴിയില്ലെന്നാണു മറുപടി.
Next Story

RELATED STORIES

Share it