Alappuzha local

ഏജന്റുമാര്‍ നെല്ലെടുക്കിന്നില്ല; നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു

ആലപ്പുഴ: ഏജന്റുമാര്‍ നെല്ലെടുക്കാതായതോടെ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു. കൊമ്പന്‍കുഴി പാടശേഖരത്തിലെ 110 ഏക്കറിലെ നെല്ലാണ് വിളവെടുത്ത് കഴിഞ്ഞിട്ടും ഏജന്റുമാര്‍ ഏറ്റെടുക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നത്.
ഉണങ്ങിയ നെല്ലായിട്ടും 10 കിലോയോളം കുറച്ച് തൂക്കത്തിനെ നെല്ലെടുക്കൂയെന്ന് ഏജന്റുമാര്‍ വാശിപിടിക്കുന്നതാണ് നെല്ല് കെട്ടിക്കിടക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്‌തെടുത്ത് നെല്ല് പാടത്തും വരമ്പിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി സംരക്ഷിച്ചിരിക്കുകയാണ്. ഒരു ലോഡ് നെല്ല് മാത്രമെ ഇവിടെ നിന്ന് കയറിപ്പോയിട്ടുള്ളൂ. ബാക്കി നെല്ല് മഴയില്‍ നശിച്ചുപോവുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. നനഞ്ഞ നെല്ല് മുളയ്ക്കുന്നതോടെ ആരും എടുക്കാനുണ്ടാവാത്ത സ്ഥിതിയും വന്നു ചേരും.
കൂടാതെ കൊയ്യാനുള്ള ബാക്കിയുള്ള നെല്ല് കായലില്‍ നിന്ന് വെള്ളം കയറി നശിക്കാനും സാധ്യതയുണ്ട്. നിലവില്‍ ശേഖരിച്ച നെല്ല് എടുത്താലെ കൊയ്ത്ത് നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയൂ. ഒരാഴ്ചയോളമായി നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. നെല്ല് നഷ്ടപ്പെടാതിരിക്കാന്‍ കര്‍ഷകര്‍ കാവല്‍ നില്‍ക്കേണ്ടിയും വരുന്നു. പരമാവധി ലാഭമെടുക്കുകയെന്നതാണ് ഏജന്റുമാരുടെ ലക്ഷ്യം. അതിനാല്‍ പ്രശ്‌നപരിഹാരം അനന്തമായി നീളുകയാണ്.
കൂലിച്ചെലവും കൊയ്ത്തുയന്ത്രത്തിന്റെ വാടകയും ഉള്‍പ്പെടെ ഏക്കറിന് 30,000 രൂപയോളം ചെലവ് വരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. സംഭരണം നീണ്ടു പോയാല്‍ അടുത്ത കൃഷിയില്‍ പല കര്‍ഷകരും പിന്‍വലിയുന്ന സ്ഥിതിയുമുണ്ടാവും. മഴയ്ക്ക് അല്‍പ്പം ശമനം വന്നതാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസം. നെല്ല് വില വര്‍ധിപ്പിച്ചിട്ടും അതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് ഇതുണ്ടാക്കുക. സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it