ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെ ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ ഭീഷണി ഉയര്‍ത്തുന്ന ഈ സമയത്ത് പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏക സിവില്‍ കോഡ് നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് ഉന്നത കോടതികള്‍ പിന്‍മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു.

ഏക സിവില്‍ കോഡ് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന സുപ്രിംകോടതി പരാമര്‍ശത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കടകവിരുദ്ധമായ ആശയമാണിത്. ഏക സിവില്‍ കോഡിനെപ്പറ്റിയുള്ള അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് ന്യൂനപക്ഷങ്ങള്‍ കരുതുന്നു.

ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പരാമര്‍ശിച്ച സാമൂഹിക നീതി, സൗജന്യ നിയമ സഹായം, പ്രകൃതി സംരക്ഷണം തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ നടപ്പാക്കാന്‍ കോടതികളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ സമാനമായ ഒരു നിക്കങ്ങളും കാണുന്നില്ല. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല, വൈവിധ്യങ്ങളോടുള്ള സഹിഷ്ണുതയും ബഹുമാനവും പ്രോല്‍സാഹിപ്പിച്ചുകൊണ്ടാവണം ഐക്യം സാധ്യമാക്കേണ്ടത്. വലതുപക്ഷ സാമുദായിക ശക്തികള്‍ക്ക് ദുരുപയോഗം സാധ്യമാക്കുംവിധം ന്യൂനപക്ഷ പിന്നാക്ക വിഷയങ്ങളില്‍ കോടതികളില്‍ നിന്ന് തുടര്‍ച്ചയായുണ്ടാവുന്ന നിരീക്ഷണങ്ങളിലും പരാമര്‍ശങ്ങളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. ചെയര്‍മാന്‍ കെ എം ശരീഫ്, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഇ എം അബ്്ദുര്‍റഹ്മാന്‍, ദേശീയ നിര്‍വാഹക സമിതി അംഗം അബ്ദുല്‍ വാഹിദ് സേഠ് പങ്കെടുത്തു.
Next Story

RELATED STORIES

Share it