Flash News

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് ദേശീയ നിയമ കമ്മീഷന്‍

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് ദേശീയ നിയമ കമ്മീഷന്‍
X


ന്യൂഡല്‍ഹി: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല രാജ്യത്ത് നിലവിലുള്ളതെന്ന് ദേശീയ നിയമ കമ്മീഷന്‍. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന് ബി.എസ് ചൗഹാന്‍ അഭിപ്രായപ്പെട്ടതായി വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2016 ഒക്ടോബര്‍ ഏഴിന് കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചോദ്യാവലി വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.
ഇതിനു പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി നിയമകമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ, പൗരാവകാശ, മത, സാമൂഹിക സംഘടനകളില്‍ നിന്നും വിശദമായ കുറിപ്പുകള്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മെയ് 21നും ഇന്നലെയുമായി കമ്മിഷനുമായി രണ്ടുതവണയായി ബോര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചനടത്തി. ചര്‍ച്ചകളില്‍ പ്രധാനമായും വിവാഹം, അനന്തരാവകാശം, വിവാഹമോചനം, പുനര്‍വിവാഹം, ശൈശവവിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ചാണ് കമ്മിഷന്‍ വിശാദാംശങ്ങള്‍ ആരാഞ്ഞത്.
കമ്മിഷന്‍ ആവശ്യപ്പെട്ടതു പ്രകാരം ഇക്കാര്യങ്ങള്‍ ഖുര്‍ആന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് വിശദീകരിച്ചു കൊടുത്തതായി ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ദത്തെടുക്കല്‍ ഇസ്ലാമിന്റെ ഭാഗമല്ലെന്ന് കമ്മിഷനെ അറിയിച്ചു. ഏകസിവില്‍ കോഡ് പ്രായോഗികമല്ലെങ്കിലും വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നും ഇതിനോട് ബോര്‍ഡ് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വിശ്വാസ, സംസ്‌കാര, ഭാഷാ, ആചാര രീതികള്‍ സ്വീകരിച്ചവര്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകകരിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ നിയമങ്ങള്‍ ഏകീകരിക്കാനോ പരിഷ്‌കരിക്കാനോ സര്‍ക്കാര്‍ ആവശ്യപ്പെടരുത്. മുസ്ലിം വ്യക്തിനിയമത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കമ്മീഷന് കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കമ്മിഷനുമായി വീണ്ടും ചര്‍ച്ചനടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it