kozhikode local

ഏകോപിത രക്ഷാപ്രവര്‍ത്തനം മാതൃകയായി

കോഴിക്കോട്: പയ്യന്നൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കുവന്ന ബസ് പുതിയാപ്പയില്‍ അപകടത്തില്‍പെട്ടയുടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകയായി. അപകട സ്ഥലത്ത് ആദ്യം ഓടിയെത്തിയത് നാട്ടുകാരാണ്. ആരെയും കാത്ത് നില്‍ക്കാതെ തങ്ങളാലാവും വിധം അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ അവര്‍ പ്രയത്‌നിച്ചു. വിവരം ലഭിച്ചയുടന്‍ മിന്നല്‍ വേഗതയില്‍ ബീച്ച് ഫയര്‍ഫോഴ്‌സും പോലിസും  രംഗത്തെത്തി. വീട്ടീലേക്ക് ഇടിച്ച് കയറിയ ബസ്സിന്റെ പിറക് വശം റോഡിലേക്ക് ഉയര്‍ന്ന് നിന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. പിറക് വശത്തെ എമര്‍ജന്‍സി വാതില്‍ തുറന്നാണ് ഏറെ പേരെയും പുറത്തെടുത്തത്. ബീച്ച് ഹോസ്പിറ്റലില്‍ നിന്നും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നുമെല്ലാം മിനിറ്റുകള്‍ കൊണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. നിസാര പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍  സ്വകാര്യ വാഹനങ്ങളുമായി അതുവഴി വന്ന സുമനസ്സുകളും തയ്യാറായി. ആദ്യം ബീച്ച് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്കും ബേബി ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു. അപകടമുണ്ടായ ഉടനെ സിറ്റി പോലിസ് കമ്മീഷണര്‍ എസ് കാളീരാജ് മഹേഷ്‌കുമാര്‍ അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ട്രാഫിക് പോലിസ് കാര്യക്ഷമമായി ഗതാഗതം നിയന്ത്രിച്ചതിനാല്‍ പരിക്കേറ്റവരെയും വഹിച്ചുള്ള ആംബുലന്‍സുകള്‍ക്ക് യാത്ര എളുപ്പമായി. മാനാഞ്ചിറ ഭാഗത്ത് നിന്നും സി എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലേക്കുള്ള ഗതാഗതം പോലീസ് വഴിതിരിച്ച് വിട്ടിരുന്നു. ബസ്സിലെ കുരുന്നുകളുടെ ഭാഗ്യം കൊണ്ടും വിവിധ ഡിപാര്‍ട്ട്‌മെന്റുകളുടെയും പ്രദേശവാസികളുടെയും ഏകോപിത രക്ഷാപ്രവര്‍ത്തനം കൊണ്ടുമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത്.



.
Next Story

RELATED STORIES

Share it