ഏകീകൃത ജലഗതാഗത പദ്ധതി: വായ്പാ നിര്‍ദേശം അംഗീകരിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുബന്ധമായി കെഎംആര്‍എല്‍ നടപ്പാക്കുന്ന ഏകീകൃത ജലഗതാഗത പദ്ധതിക്കുള്ള 595 കോടിയുടെ വായ്പാ നിര്‍ദേശത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ അംഗീകാരം.
ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ കെഎഫ്ഡബ്ല്യുവിന്റെ മാര്‍ച്ച് ഒമ്പതിന് ചേരുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ വായ്പയ്ക്ക് അന്തിമ അനുമതി ലഭിക്കും. മാര്‍ച്ചില്‍ തന്നെ കെഎഫ്ഡബ്ല്യുവുമായി വായ്പാ കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചു.
മൊത്തം പദ്ധതി തുകയായ 741 കോടിയില്‍ കെഎഫ്ഡബ്ല്യു നല്‍കുന്ന 595 കോടി രൂപ പരിസ്ഥിതി സൗഹൃദ നഗരഗതാഗതത്തിനുള്ള ദീര്‍ഘകാല വായ്പയാണ് അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 102 കോടി രൂപ ലഭ്യമാക്കും. ആധുനിക ബോട്ടുകള്‍, ബോട്ട് ജെട്ടികളുടെ നവീകരണം, ബോട്ട് ജെട്ടികളും മെട്രോ- ബസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെടുത്തി റോഡുകള്‍, മിനി ഫീഡര്‍ ബസ്സുകള്‍, ഇലക്ട്രിക് റിക്ഷകള്‍, സൈക്കിള്‍ ഷെയറിങ് സ്‌കീം, ഇതിനാവശ്യമായ സൈക്കിള്‍ ഡോക്കുകള്‍, തുടങ്ങിയവയാണ് ഏകീകൃത ഗതാഗത സംവിധാനത്തിന്റെ ഭാഗമായി ഒരുക്കുക.
പദ്ധതിക്കായി ശീതീകരിച്ചതും വൈ ഫൈ സൗകര്യങ്ങളുള്ളതുമായ അത്യാധുനിക യാത്രാ ബോട്ടുകളാണ് വാങ്ങുക. ബോട്ട് യാത്രയ്ക്ക് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സംവിധാനം നടപ്പിലാക്കും. തേവരയിലും പിഴലയിലും രണ്ട് ബോട്ട് യാര്‍ഡുകള്‍ നിര്‍മിക്കും. ഇന്റലിജന്റ് നാവിഗേഷന്‍ സംവിധാനവും ഓപറേഷന്‍ കണ്‍ട്രോള്‍ സെന്ററും പദ്ധതിയുടെ ഭാഗമായിരിക്കും. യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലായിരിക്കും ഏകീകൃത ഗതാഗത പദ്ധതി പ്രവര്‍ത്തിക്കുക.
Next Story

RELATED STORIES

Share it