Idukki local

ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കു തുച്ഛമായ ശമ്പളം

ചെറുതോണി: വിദ്യാഭ്യാസ കാര്യത്തിലാണ് ഇടമലക്കുടിക്കാര്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന സൊസൈറ്റി കുടിയില്‍ ഒരു എല്‍പി സ്‌കൂള്‍ മാത്രമാണ് ഉളളത്.സ്‌കൂളുമായി ഏറ്റവും അടുത്തുള്ള ഇഡലിപ്പാറ,ആണ്ടവന്‍കുടി,കീഴ്‌വളയമ്പാറ,അമ്പലപ്പടി എന്നീ കുടികളിലുളള കുട്ടികള്‍ക്ക് മാത്രമേ ഇവിടെ എത്തി പഠിക്കാനാകൂ.
പഞ്ചായത്തില്‍ 13 ഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ എസ്എസ്എ പദ്ധതി പ്രകാരം മുളകുതറ,ഒളക്കയം,ചാറ്റുപാറക്കുടി,ഇരുപ്പുകല്ല്,കീഴ്‌വളയമ്പാറ,കവക്കാട്ടുക്കുടി,ഷെഡുകുടി,കണ്ടത്തിക്കുടി,വെള്ളവരഎന്നിവിടങ്ങളിലായി പത്ത് വിദ്യാലയങ്ങളുണ്ട്.
മാങ്കുളം നിവാസിയായ അദ്ധ്യാപകന്‍ മുരളി കഴിഞ്ഞ 17 വര്‍ഷമായി ഇടമലക്കുടിയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്നയാളാണ്.സ്വന്തം സെന്ററായ ഒളക്കയത്തിനു പുറമേ കിലോമീറ്ററുകള്‍ ദൂരെയുള്ള ചാറ്റുപാറക്കുടിയിലും എത്തി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
ഇഡലിപ്പാറ സെന്ററിലെ വിജയലക്ഷ്മി ടീച്ചര്‍ക്ക് 2014-15 വര്‍ഷത്തില്‍ പ്രീപ്രൈമറി വിഭാഗത്തിലെ ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.5000 രൂപ മാത്രമാണ് ഈ അദ്ധ്യാപകര്‍ക്കുള്ള പ്രതിഫലം. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് പ്രതിദിനം 350 രൂപ നല്‍കുന്നുണ്ട്. പതിറ്റാണ്ടുകളായി ഇടമലക്കുടി പോലുള്ള വിദൂര കേന്ദ്രങ്ങളില്‍ വേതനത്തിന്റെ കണക്കു പറയാതെ നിസ്വാര്‍ത്ഥ സേവനം നല്‍കിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇടമലക്കുടിയിലെ അദ്ധ്യാപകര്‍ പറയുന്നു.
കുടിയിലെത്തിയ ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ ഇക്കാര്യം ഇവര്‍ ബോധ്യപ്പെടുത്തി. അദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംപി ജോയ്‌സ് ജോര്‍ജും എംഎല്‍എ എസ് രാജേന്ദ്രനും പറഞ്ഞു.
Next Story

RELATED STORIES

Share it