wayanad local

ഏകാംഗ കെപിസിസി അന്വേഷണ കമ്മീഷന്‍ മാനന്തവാടിയിലെത്തും

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള പാര്‍ട്ടിതല അന്വേഷണ കമ്മീഷന്‍ 20ന് മാനന്തവാടിയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഏകാംഗ സമിതിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, മാനന്തവാടിയിലെ ചില നേതാക്കള്‍ എന്നിവരെക്കുറിച്ച് പി വി ജോണ്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ ഉറ്റുനോക്കുകയാണ് അണികള്‍. ആത്മഹത്യാക്കുറിപ്പ് ഉയര്‍ത്തിയ ആരോപണവും വിവാദവും ആളിക്കത്തിയ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കെ എല്‍ പൗലോസും കെപിസിസി യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് സൂചന.
മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര വാര്‍ഡില്‍ ദയനീയമായി തോറ്റത്തില്‍ മനംനൊന്തായിരുന്നു ജോണിന്റെ ആത്മഹത്യ. എല്‍ഡിഎഫിനും യുഡിഎഫിനും വിതതശല്യം നേരിടേണ്ടിവന്ന വാര്‍ഡില്‍ 39 വോട്ട് മാത്രമാണ് ജോണിനു ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെനടന്നവര്‍ പോലും അദ്ദേഹത്തിനു വോട്ട് ചെയ്തില്ല. ഇതില്‍ മനസ്സുനീറിയാണ് ജോണ്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടരയോടെ പാര്‍ട്ടി ഓഫിസിലെ ഫാനില്‍ കെട്ടിത്തൂങ്ങിയത്.
ജോണിന്റെ പോക്കറ്റില്‍നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പ് മകന്‍ വര്‍ഗീസിനെ കഴിഞ്ഞ ദിവസം പോലിസ് വായിച്ചുകേള്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറി സില്‍വി തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ ജോസ്, മണ്ഡലം വൈസ് പ്രസിഡന്റ് ലേഖ രാജീവന്‍ എന്നിവരിലാണ് ജോണ്‍ ആരോപിക്കുന്നത്. ഇവരുടെ രാഷ്ട്രീയ വഞ്ചനയ്ക്ക് പ്രതികാരം ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്.
ജോണിന്റെ മരണം പാര്‍ട്ടിതലത്തില്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി കെപിസിസി പ്രസിഡന്റ് വി എം സുധീരന് കത്ത് നല്‍കിയിരുന്നു. ദീര്‍ഘകാലമായി കോണ്‍ഗ്രസ്സിലെ വിശാല ഐ ഗ്രൂപ്പിലാണ് ജോണ്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ജോണ്‍ കുറ്റപ്പെടുത്തുന്നവരും ഇതേ ഗ്രൂപ്പുകാരാണ്.
ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി പാര്‍ട്ടി ജില്ലാ അധ്യക്ഷനെതിരേ ഏതെങ്കിലും തരത്തില്‍ നടപടി വരികയാണെങ്കില്‍ പ്രതിരോധിക്കാന്‍ ജില്ലയിലെ വിശാല ഐ ഗ്രൂപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്ത ആരോപണങ്ങളാണ് തല്‍പര കക്ഷികള്‍ ഡിസിസി പ്രസിഡന്റിനെതിരേ ഉന്നയിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. അതേസമയം, ജോണിന്റെ മരണത്തില്‍ പാര്‍ട്ടിതല അന്വേഷണം മാത്രം പോരെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ കുടുംബം.
Next Story

RELATED STORIES

Share it