wayanad local

ഏകജാലക പ്രവേശനം : അരിവാള്‍ രോഗികളായ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം



മാനന്തവാടി: ഏകജാലക പ്രവേശനത്തില്‍ അരിവാള്‍ രോഗികളായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന മന്ത്രിസഭാ തീരുമാനം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അരിവാള്‍ രോഗികളുള്ള ജില്ലയിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാവും. 2012ല്‍ പുല്‍പ്പള്ളി സ്വദേശിനിയായ അരിവാള്‍ രോഗിയായ വിദ്യാര്‍ഥിനിക്ക് ഏകജാലകം വഴി താന്‍ പടിച്ച സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്തതു കാരണം മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടിവന്നിരുന്നു. ഇതേത്തുടര്‍ന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിവന്ന ശ്രമഫലമായാണ് പുതിയ ഉത്തരവ്. അരിവാള്‍ രോഗികളായ വിദ്യാര്‍ഥികള്‍ ഏകജാലകം വഴി അപേക്ഷ നല്‍കണം. അവര്‍ പഠനം നടത്തിയ സ്‌കൂളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ യാത്ര ചെയ്യാന്‍ വളരെയെറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്നാണ് ഉത്തരവ്. ഇത് നടപ്പാക്കുന്നതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 805 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകളെങ്കിലും ഇപ്പോള്‍ ആയിരത്തോളം രോഗികളുണ്ട്. തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ചെട്ടി സമുദായത്തിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗികളുടെ ഉന്നമനത്തിനായി 2006ലാണ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. അരിവാള്‍ രോഗികളുടെ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ജില്ലയിലെ എംഎല്‍എമാരുടെ ശ്രമഫലമായാണ് വര്‍ഷങ്ങളായുള്ള ഏകജാലക പ്രവേശനം സാധ്യമായതെന്നും പുതിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി ഡി സരസ്വതി പറഞ്ഞു. ബോധവല്‍ക്കരണവും കൃത്യമായ പരിചരണവും ലഭിച്ചു തുടങ്ങിയതോടെ ജില്ലയില്‍ അരിവാള്‍ രോഗികളുടെ മരണനിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. രോഗികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി സഹായം നല്‍കുന്നതിന് പിന്നാക്ക വികസന കോര്‍പറേഷന്റെ പദ്ധതി ജൂലൈയില്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it