Districts

എ സി ഹനീഫ വധം: പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തേ അറസ്റ്റിലായ എട്ടുപേരെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഗൂഢാലോചന നടത്തിയെന്നാരോപണമുള്ള കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

കൊലപാതകം നടന്ന് 88ാം ദിവസമാണ് 300ഓളം പേജുള്ള കുറ്റപത്രം ചാവക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍ മുമ്പാകെ സമര്‍പ്പിച്ചത്. സംഭവദിവസം രാത്രിയില്‍ മണത്തല പരപ്പില്‍ താഴത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘവുമായി ഷമീറും കൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് ബൈക്കിലെത്തിയവര്‍ ഹനീഫയുടെ വീട്ടിലേക്കു പോയി. ഇവരെ പിന്തുടര്‍ന്നെത്തിയ ഷമീറും സംഘവും ഇവിടെ വച്ച് ഹനീഫയുമായി വാക്കേറ്റമുണ്ടാവുകയും ഹനീഫയെ കത്തികൊണ്ടു കുത്തുകയുമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍പ്പെട്ടവരും മരിച്ച ഹനീഫയും ബൈക്കിലെത്തിയവരും കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍പ്പെട്ടവരുമാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ ഹനീഫയുടെ മാതാവടക്കം അഞ്ചു ദൃക്‌സാക്ഷികളും 45ഓളം സാക്ഷികളുമാണുള്ളത്.
ആഗസ്ത് ഏഴിനു രാത്രി 10ഓടെയാണ് മണത്തല ബേബി റോഡ് പഴയ 14ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ സി ഹനീഫ മാതാവിന്റെ മുന്നില്‍ കുത്തേറ്റു മരിച്ചത്. കേസില്‍ പ്രതികളായ മണത്തല ബേബിറോഡ് പഴയ 14ാം വാര്‍ഡില്‍ കണ്ണങ്കേരന്‍ ഷമീര്‍, കുണ്ടുപറമ്പില്‍ ഷാഫി, പുത്തന്‍കടപ്പുറം തൊണ്ടന്‍പിരി വീട്ടില്‍ അന്‍സാര്‍, കുന്നത്ത് അഫ്‌സല്‍, പുത്തന്‍കടപ്പുറം പുതുവീട്ടില്‍ ഷംസീര്‍, പാവറട്ടി പുതുമനശ്ശേരി അമ്പലത്ത് വീട്ടില്‍ റിംഷാദ്, നാലകത്ത് പടവിങ്കല്‍ സിദ്ദീഖ്, നാലകത്ത് മഞ്ഞിയില്‍ ആബിദ് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ ഡി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ അഫ്‌സല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it