എ വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ടാണ് അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജില്‍ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു.ജോര്‍ജിനെ പ്രതിചേര്‍ക്കുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഐജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോര്‍ജില്‍ നിന്ന് സംശയമുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയതായി അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അതേസമയം, കേസില്‍ എ വി ജോര്‍ജിനു വീഴ്ച സംഭവിച്ചെന്ന് വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ജോര്‍ജ് വഴിവിട്ട് സഹായിച്ചിട്ടുണ്ടോ, വ്യാജമൊഴി ചമച്ചതില്‍ ജോര്‍ജിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. വരാപ്പുഴ സിഐ ആയിരുന്ന ക്രിസ്പിന്‍ സാം, എസ്‌ഐ ആയിരുന്ന ജി എസ് ദീപക്, ആര്‍ടിഎഫ് അംഗങ്ങള്‍, മറ്റു പോലിസുകാര്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയുന്നു. കേസില്‍ പ്രതിപ്പട്ടികയിലുള്ളവരെ നേരത്തേ ചോദ്യം ചെയ്തപ്പോള്‍ എ വി ജോര്‍ജിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നുവെന്നാണ് വിവരം.
വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് ആദ്യം നല്‍കിയ മൊഴിയില്‍  കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പേരില്ലായിരുന്നു. പിന്നീട് ശ്രീജിത്തിന്റെ പേരു ചേര്‍ത്ത് വ്യാജമൊഴി ചമയ്ക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എ വി ജോര്‍ജ് ഇടപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരേ വകുപ്പുതല നടപടിയുണ്ടാവുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it