എ വി ജോര്‍ജിനെ മാറ്റിയത് കേസില്‍ നിന്ന് രക്ഷിക്കാന്‍: രമേശ് ചെന്നിത്തല

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ സ്ഥലംമാറ്റം കേസില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ പ്രതികളായ പോലിസുകാരെ സംരക്ഷിക്കുന്നതിനായി തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയതിന് ശേഷമാണ് എസ്പിയെ സ്ഥലം മാറ്റിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ കസ്റ്റഡി മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി മൗനത്തിന്റെ കാരണം വ്യക്തമാക്കണം. വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശക്തമായ ഇടപെടല്‍ നടത്തുന്നു. മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നില്‍ പാര്‍ട്ടിയുടെ പങ്കാണെന്നും ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിന്റെ മരണം വെറും പ്രാദേശിക വിഷയമാണെന്ന് പറഞ്ഞ് പരിഹസിച്ച സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന്‍  മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതതേസമയം,  പ്രവാസി ചിട്ടി ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി ചിട്ടിയിലൂടെ ഒരു നിക്ഷേപം പോലും നടത്താന്‍ സാധിക്കാതെ ഖജനാവ് ധൂര്‍ത്തടിച്ചെന്നും ചെന്നിത്തല ആരോപിച്ചു. കെഎസ്എഫ്ഇ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ചിട്ടിയില്‍ നിക്ഷേപം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പൊടിച്ച് വിദേശത്ത് സന്ദര്‍ശനം നടത്തി. എന്നാല്‍, ഒരു രൂപയുടെ നിക്ഷേപം പോലും സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കെഎസ്എഫ്ഇയുടെ തലപ്പത്തുള്ളവര്‍ക്ക് സാധിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്മേല്‍ പ്രവാസികളുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ മാത്രമേ പ്രവാസി ചിട്ടി ഉപകരിച്ചുള്ളൂവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  50,000 കോടി രൂപയുടെ പദ്ധതികള്‍ 4200 കോടിരൂപ മാത്രം നീക്കിയിരിപ്പുള്ള കിഫ്ബി വഴി നടത്താമെന്ന് പറഞ്ഞ ധനമന്ത്രി അതിനുള്ള വരുമാനം കണ്ടെത്താനാണ് പ്രവാസി ചിട്ടി ആരംഭിച്ചത്. എന്നാല്‍, സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട് പ്രവാസി ചിട്ടിയില്‍ അധികം പേര്‍ ചേര്‍ന്നിട്ടില്ല.
ഇതിന് ധനമന്ത്രി മറുപടി പറയണം. സംസ്ഥാന സമ്പദ്‌വ്യവസ്ഥയില്‍ കെഎസ്എഫ്ഇയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും അദേഹം ആരോപിച്ചു. ജിഎസ്ടി വരുമ്പോള്‍ അധിക നികുതി വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയേക്കാള്‍ ആവേശത്തോടെ പറഞ്ഞ സംസ്ഥാന ധനമന്ത്രി ഇപ്പോള്‍ സര്‍ക്കാര്‍ കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്ക് വീഴുന്നതിന് ജനങ്ങളോട് ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it