Kollam Local

എ വണ്‍ തിളക്കവുമായി മൂവര്‍ സംഘം



ചവറ: സഹോദരങ്ങള്‍ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എ വണ്‍.വര്‍ഷ വിനോദ്, വര്‍ണ്ണ വിനോദ്, വരുണ വിനോദ് എന്നീ സഹോദരിമാര്‍ക്കാണ് എ വണ്‍ ഗ്രേഡ്. ചവറ കോയിവിള തേവലക്കര ത്രിവേണി വീട്ടില്‍ ഒരേ ദിവസം ജനിച്ച്  ഒരുമിച്ച്  ഒരേ സ്‌കൂളില്‍ പഠിച്ച് പരീക്ഷയെഴുതിയവരാണ് ഈ ത്രിമൂര്‍ത്തികള്‍. സൈനികനായി സേവനം അനുഷ്ടിച്ച് വിരമിച്ച് ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന വിനോദ്, അധ്യാപികയായ അജിത ദമ്പതികളുടെ മക്കളാണ് മൂവരും. കുഞ്ഞുംനാള്‍ മുതല്‍ തന്നെ പഠനകാര്യത്തില്‍ മൂന്നുപേരും ഒന്നിനോന്ന് മെച്ചം. ചവറ ബിലിവേഴ്‌സ് ചര്‍ച്ച് മഹാത്മ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇവര്‍. പഠനത്തോടൊപ്പം കലാ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷക്ക് ഡോക്ടറാകണമെങ്കില്‍ വര്‍ണ്ണക്ക് നാഷനല്‍ ഡിഫന്‍സ് അക്കാഡമിയിലെ ഉന്നത ഉദ്യോഗസ്ഥയാകണം. വരുണയ്ക്കാകട്ടെ കോളജില്‍ കണക്ക് അധ്യാപികയായി കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥയാകണം. സ്വഭാവത്തിലും രൂപത്തിലും ഒരു പോലെയാണങ്കിലും ഇവര്‍ക്ക് ആഗ്രഹങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പഠന കാര്യത്തില്‍ തങ്ങള്‍ പറയാതെ തന്നെ പാഠങ്ങള്‍ പഠിച്ച് തീര്‍ക്കുന്ന സ്വഭവമാണ് മൂന്നു പേര്‍ക്കുമെന്ന്  രക്ഷകര്‍ത്താക്കള്‍ വിലയിരുത്തുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ ഇവരോടൊപ്പം ഒരേ ക്ലാസില്‍ പഠിച്ച അമ്മയുടെ സഹോദരിയുടെ മകന്‍ അക്ഷയ് സുരേഷിനും എല്ലാ വിഷയത്തിനും എ വണ്‍ കിട്ടിയതില്‍ സന്തോഷിക്കുകയാണ് മൂവര്‍ സംഘം.
Next Story

RELATED STORIES

Share it