എ ബി ബര്‍ദന്റെ സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ദന്റെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ന്യൂഡല്‍ഹിയിലെ കശ്മീരി ഗേറ്റിന് സമീപമുള്ള നിഗംബൊദ്ദ് ഘട്ട് ശ്മശാനത്തിലാണു സംസ്‌കാരം. ഇന്നു രാവിലെ 10മണി മുതല്‍ ഒരുമണിവരെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. ഒന്നരയോടെ നിഗംബൊദ്ദ് ഘട്ടിലേക്ക് എടുക്കുന്ന മൃതദേഹം മൂന്നുമണിയോടെ സംസ്‌കരിക്കുമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പക്ഷാഘാതത്തെത്തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് ബര്‍ദനെ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 8.30ഓടേയായിരുന്നു അന്ത്യം. 2005 ജനുവരിയില്‍ നാഗ്പൂരില്‍ നടന്ന സിപിഐ നാഷനല്‍ കൗണ്‍സിലിനിടെയാണ് ബര്‍ദന് ആദ്യമായി പക്ഷാഘാതം പിടിപെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ ഇടതുവശം തളര്‍ന്നിരുന്നു. എന്നാല്‍, അതിനുശേഷം മാര്‍ച്ചില്‍ പോണ്ടിച്ചേരിയില്‍ നടന്ന സിപിഐയുടെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീടു പക്ഷാഘാതം വലതുവശത്തെയും ബാധിച്ചതോടെയാണ് 91കാരനായ ബര്‍ദനെ കഴിഞ്ഞമാസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1925 സപ്തംബര്‍ 25ന് ഇപ്പോഴത്തെ ബംഗ്ലാദേശിലുള്ള സില്‍ഹറ്റിലാണ് ബര്‍ദന്‍ ജനിച്ചത്. 1941 മുതല്‍ പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനായിരുന്ന ബര്‍ദന്‍, 1945ല്‍ സിപിഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എഐഎസ്എഫ് സെക്രട്ടറിയായി. ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുടെ ഏകീകരണത്തിന് വേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു എ ബി ബര്‍ദന്‍. സിപിഐയെ ശക്തിപ്പെടുത്തുന്നതിനും ഇടതുപാര്‍ട്ടികളുടെ ഐക്യത്തിനുമായി ബര്‍ദന്‍ കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ഷ് വര്‍ധന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ ബര്‍ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it