kozhikode local

എ പി ഷാജിയുടെ മരണം: പ്രതിഷേധം ഇരമ്പുന്നു; ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി

കോഴിക്കോട്: നടക്കാവ് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എ പി ഷാജി ജീവനൊടുക്കാന്‍ കാരണക്കാരായ പോലിസുദ്യോഗസ്ഥര്‍ക്കതിരേ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിറ്റി പോലിസ് കമ്മിഷണറുടെ ഓഫിസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടേയും പൗരസമിതി നിര്‍മല്ലൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഷാജിയുടെ സഹോദരന്‍ പ്രശാന്ത്, സഹോദരീ ഭര്‍ത്താവ് ശിവാനന്ദന്‍ എന്നീ കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു. സ്ത്രീകളടക്കം നൂറുകണക്കിന് നാട്ടുകാരാണ് പ്രതിഷേധത്തിനെത്തിയത്. മാര്‍ച്ച് സമാധാനപരമായിരുന്നു. കനത്ത പോലിസ് കാവലുണ്ടായിരുന്നു.
മാര്‍ച്ച് പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം മെഹബൂബ, ഷാജന്‍ അറാഫത്ത്, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, വി വി രാജന്‍, നിഖില്‍, മുന്‍ പോലിസ് അസോസിയേഷന്‍ നേതാവ് ശ്രീകുമാര്‍ സംസാരിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിജേഷ് അരവിന്ദ്, കണ്‍വീനര്‍ സി ഗംഗാധരന്‍, സുനീര്‍ സംസാരിച്ചു. ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലിസുദ്യോഗസ്ഥന്മാരെ മാറ്റി നിര്‍ത്തിയുള്ള സമഗ്രാന്വേഷണമാണ് വേണ്ടതെന്ന് പുരുഷന്‍ കടലുണ്ടി ആവശ്യപ്പെട്ടു. ഭാവിതലമുറയെ രാജ്യസ്‌നേഹവും നന്മയും പഠിപ്പിക്കുന്ന സ്റ്റുഡന്റ് പോലിസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കാവലാളായി പ്രവര്‍ത്തിച്ച നന്മയുടെ വാഹകനായ ഷാജിയുടെ മരണത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കാന്‍ ശനിയാഴ്ച കേരള പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഷാജിയുടെ ഭവനം സന്ദര്‍ശിക്കുന്നുണ്ട്. ഷാജിയുടെ മൃതദേഹം സംസ്‌കരിച്ച മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നുമുണ്ട്.
ഷാജി ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നതാണ് അസോസിയേഷന്റെയും ആവശ്യം. ഭാവിയില്‍ ഇത്തരമൊരു ദുരനുഭവം പോലിസ് സേനയില്‍ മറ്റൊരു ഉദ്യോഗസ്ഥനും ഉണ്ടാകാതിരിക്കാനുള്ള സത്വര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണെന്ന ആവശ്യവും പോലിസ് അസോസിയേഷന്‍ മുന്നോട്ടു വെക്കുന്നുണ്ട്. കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ച് സ്വീകരിക്കുന്ന യുക്തിസഹമല്ലാത്ത നടപടികള്‍ സത്യത്തിനും നീതിക്കും ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആപ്തവാക്യത്തിനും വിരുദ്ധമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രമേയം അസോസിയേഷന്‍ പ്രസിഡന്റ് കെ എസ് ചന്ദ്രാനന്ദനും ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തുമാണ് അവതരിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it