എ പി ജെ അബ്ദുല്‍ കലാമിന് രാമേശ്വരത്ത് സ്മാരകം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ കലാമിന് ജന്മദേശമായ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് സ്മാരകം പണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബ്ദുല്‍ കലാമിന്റെ 84ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാരകത്തിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുകയും സ്മാരക നിര്‍മാണത്തിനു വേണ്ടി മന്ത്രിമാരടങ്ങുന്ന സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാമേശ്വരത്തെ അമൃത് (അടല്‍ മിഷന്‍ ഫോര്‍ റി ജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം) നഗരമായി മാറ്റുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഡിആര്‍ഡിഒ ഭവനില്‍ അബ്ദുല്‍ കലാമിന്റെ ഒരു പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തു.കലാമിനെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനവും മോദി നിര്‍വഹിച്ചു. കലാമിന്റെ ബഹുമാനാര്‍ഥം തപാല്‍സ്റ്റാമ്പ് ചടങ്ങില്‍ പുറത്തിറക്കി. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസവകുപ്പ് കലാമിന്റെ ജന്മവാര്‍ഷികം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്ലാ ദിനമായും വായനാദിനമായും ആചരിച്ചു. ബാഗെടുക്കാതെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളല്ലാത്ത പുസ്തകങ്ങള്‍ വായിക്കുവാന്‍ അവസരം നല്‍കിയാണ് സ്‌കൂളുകളില്‍ ദിനം ആചരിച്ചത്. രാമേശ്വരത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അബ്ദുല്‍ കലാമിന്റെ ഖബറിടം സന്ദര്‍ശിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു.
Next Story

RELATED STORIES

Share it