malappuram local

എ പി അനില്‍കുമാറിനെതിരേ അ ക്രമം : എംഎല്‍എ പോലിസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു



കാളികാവ്: വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാറിനെതിരെ അതിക്രമം. എംഎല്‍എ പോലിസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പൊതുപരിപാടിക്കെത്തിയതായിരുന്നു എംഎല്‍എ. ഡിവൈഎഫ് ഐക്കാരാണ് അതിക്രമം നടത്തിയത്. കാറിന് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ കരിങ്കൊടിയെറിഞ്ഞു. വണ്ടൂര്‍ പോലിസ് സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. കാറില്‍ നിന്നിറങ്ങിയ എംഎല്‍എ സമരക്കാര്‍ക്ക് നേരെ ചെന്ന് ധീരത കാണിച്ചത് അല്‍പ്പനേരം സംഘര്‍ഷത്തിനിടയാക്കി. എംഎല്‍എയുടെ സന്ദര്‍ശനം കണക്കിലെടുത്ത് സംഘര്‍ഷം ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കരുതെന്ന് എംഎല്‍എയോട്  പോലിസ് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ചെയ്തിരുന്നു. പോലിസ് ഡിവൈഎഫ്‌ഐക്ക് ഒത്താശ ചെയ്തുവെന്ന് അനില്‍കുമാര്‍ തേജസിനോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് രണ്ടു മണിക്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടൂര്‍- മഞ്ചേരി റോഡുപരോധിച്ചു. സോളാര്‍ റിപോര്‍ട്ട് പുറത്ത് വന്നതിനു ശേഷം എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് മണ്ഡലത്തിലുടനീളം പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തുണ്ട്.കഴിഞ്ഞ ദിവസം വാണിയമ്പലത്ത് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.  ഒരാഴ്ച മുമ്പ് കാളികാവില്‍ എംഎല്‍എയുടെ പരിപാടി പ്രതിഷേധം കാരണം മുടങ്ങുകയും ചെയ്തു. എംഎല്‍എക്ക് സംരക്ഷണം നല്‍കാന്‍ പോലിസ് ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Next Story

RELATED STORIES

Share it