എ ക്ലാസ് തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും

കൊച്ചി: ഇടവേളയ്ക്കുശേഷം ചലച്ചിത്രമേഖല വീണ്ടും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. നാളെ മുതല്‍ കേരളത്തിലെ 270ഓളം എ ക്ലാസ് തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമാപ്രദര്‍ശനത്തിനായുള്ള ടിക്കറ്റുകള്‍ സീല്‍ ചെയ്തു നല്‍കാന്‍ തയ്യാറാവാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നടപടിമൂലം തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ്സ് തുകയായ മൂന്നു രൂപ അഡ്വാന്‍സായി നല്‍കാതെ ടിക്കറ്റ് സീല്‍ ചെയ്തുനല്‍കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ തയ്യാറാവുന്നില്ല. സീല്‍ ചെയ്ത ടിക്കറ്റുകള്‍ തീര്‍ന്നുപോവുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ എറണാകുളത്തു നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
കെ ബി ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ തയ്യാറാക്കിയ കരട് റിപോര്‍ട്ട് പ്രകാരം പ്രേക്ഷകരില്‍നിന്ന് ഈടാക്കുന്ന മൂന്നു രൂപ സെസ്സ് സംഖ്യ ഉപയോഗിക്കുന്നതില്‍ സിനിമ പ്രൊഡ്യൂസേഴ്‌സിനെയും തിയേറ്ററുകളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ റിപോര്‍ട്ടിനെ പൂര്‍ണമായി അട്ടിമറിച്ചുകൊണ്ട് തിയേറ്ററുകളെയും പ്രൊഡ്യൂസേഴ്‌സിനെയും ഒഴിവാക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സെസ്സ് തുക മുന്‍കൂര്‍ അടയ്‌ക്കേണ്ടതില്ലെന്ന് തിേയറ്ററുടമകള്‍ തീരുമാനിച്ചത്. സെസ്സ് തുക മുന്‍കൂര്‍ അടയ്ക്കാതിരുന്നാല്‍ നടപടികള്‍ സ്വീകരിക്കാന്‍പാടില്ല എന്നുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കെയാണ് ടിക്കറ്റുകള്‍ സീല്‍ ചെയ്തു നല്‍കാത്ത തദ്ദേശ സെക്രട്ടറിമാരുടെ നടപടിയെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷാജു അഗസ്റ്റിന്‍, ഖജാഞ്ചി സാജു ജോണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it