എ കെ ആന്റണി ഇടപെട്ടു; സിഎന്‍ ബാലകൃഷ്ണന്‍ മല്‍സരിക്കില്ല

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതിനു പിന്നില്‍ എ കെ ആന്റണി.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പുതിയ ഹരജി വന്നതോടെ ആന്റണി നേരിട്ട് സിഎന്നിനോട് മല്‍സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും വടക്കാഞ്ചേരിയില്‍ വിജയിക്കുമെന്നുമുള്ള നിലപാടിലായിരുന്നു ഈ എണ്‍പതുകാരന്‍.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കെ സുധാകരനാണ് സഹകരണവകുപ്പ് മന്ത്രിക്കെതിരേ ആദ്യമായി രംഗത്ത് വന്നത്. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ വ്യാപകമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു. മകളെ മേയറാക്കുന്നതിനുവേണ്ടി സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നായിരുന്നു ആക്ഷേപം. തിരഞ്ഞെടുപ്പിനു ശേഷം മകളെ മേയറാക്കാന്‍ ബിജെപിയുമായി രഹസ്യചര്‍ച്ച നടത്തിയതും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കിടയാക്കി. കോര്‍പറേഷന്‍ നഷ്ടമായത് സിഎന്നിന്റെ ഇടപെടല്‍ മൂലമാണെന്ന് എ ഗ്രൂപ്പ് പരസ്യമായി ആരോപിച്ചിരുന്നു. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതിയാണ് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കുന്നത്. അടുത്തമാസം രണ്ടിന് വിജിലന്‍സ് കോടതി കേസില്‍ വിധി പറയും. വീണ്ടും കേസ് വന്നതോടെയാണ് സിഎന്നിനെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
കെപിസിസി ഉപസമിതി തയ്യാറാക്കിയ ലിസ്റ്റില്‍ വടക്കാഞ്ചേരിയില്‍ സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ ബാലകൃഷ്ണന്റെ പേരാണ് ആദ്യം ചേര്‍ത്തിരുന്നത്. എന്നാല്‍, എഴുത്തച്ഛന്‍ സമുദായം മന്ത്രി ബാലകൃഷ്ണന് എതിരായതും അദ്ദേഹത്തിന് വിനയായി. സമുദായത്തിന്റെ പേരില്‍ കടലാസ് ട്രസ്റ്റിന് പാലക്കാട് ജില്ലയില്‍ കോളജ് അനുവദിച്ചതിനെതിരേ പരസ്യമായി രംഗത്തുവന്ന കേരളാ എഴുത്തച്ഛന്‍ സമാജം മന്ത്രിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാല്‍ലക്ഷത്തോളം വോട്ട് ഈ മണ്ഡലത്തില്‍ തങ്ങള്‍ക്കുണ്ടെന്നാണ് എഴുത്തച്ഛന്‍ സമാജത്തിന്റെ അവകാശവാദം.
സി എന്‍ ബാലകൃഷ്ണന്‍ മല്‍സരിച്ചാല്‍ വടക്കാഞ്ചേരി മണ്ഡലം നഷ്ടപ്പെടുമെന്നകാര്യം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസിയുടെ ഉപദേശപ്രകാരം ആന്റണി മന്ത്രി ബാലകൃഷ്ണനെ നേരില്‍ വിളിച്ച് മല്‍സരരംഗത്തുനിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാറിനില്‍ക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്.
Next Story

RELATED STORIES

Share it