എ.എ.പി സര്‍ക്കാരിലെ അഴിമതി ആരോപണം എം.എല്‍.എമാരുടെ യോഗം ഇന്ന്

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: അഴിമതിയാരോപണം നേരിടുന്ന മന്ത്രിയെ പരസ്യമായി പുറത്താക്കിയതിനു പിന്നാലെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി എം.എല്‍.എമാരുടെയും കുടുംബങ്ങളുടെയും യോഗം വിളിച്ചു. യോഗം ഇന്ന് വൈകിട്ട് ചേരും. അഴിമതിക്കാരായ എം.എല്‍.എമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശക്തമായ താക്കീത് നല്‍കാനാണു യോഗം വിളിച്ചിരിക്കുന്നത്. കൈക്കൂലി വാങ്ങിയതായി ആരോപണമുയര്‍ന്ന ഭക്ഷ്യ-പൊതുവിതരണ-പരിസ്ഥിതിമന്ത്രി അസിം അഹ്മദ്ഖാനെ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതായി കെജ്‌രിവാള്‍ അറിയിച്ചിരുന്നു. എ.എ.പിയിലെ മുഴുവന്‍ എം.എല്‍.എമാരും കുടുംബസമേതം പങ്കെടുക്കുന്ന യോഗത്തില്‍, എന്തിനാണു നാം രാഷ്ട്രീയത്തില്‍ വന്നതെന്ന കാര്യം ഓര്‍മപ്പെടുത്തുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു.

അഹ്മദ്ഖാന്‍ സംഭവംപോലെയുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ താക്കീത് നല്‍കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. പരിസ്ഥിതിവകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി ഇടനിലക്കാരന്‍ വഴി ഒരു കെട്ടിടനിര്‍മാതാവിനോടു കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ അഹ്മദ്ഖാന്‍ കൈക്കൂലി ആവശ്യപ്പെടുന്നത് വ്യക്തമാണ്. അഴിമതിയുടെ കാര്യത്തില്‍ മന്ത്രിയെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ല. തെളിവുനല്‍കിയാല്‍ ആര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപിക്കപ്പെട്ട മന്ത്രിയെ പുറത്താക്കിയ ഉടനെ തന്നെ ബല്ലിമാരന്‍ എം.എല്‍.എ. ഇമ്രാന്‍ ഹുസയ്‌നെ പുതിയ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടിയിലെ 67 എം.എല്‍.എമാരില്‍ അഞ്ചുപേര്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണ്. മുന്‍ നിയമമന്ത്രിയും എം.എല്‍.എയുമായ സോംനാഥ് ഭാരതിയെ ഗാര്‍ഹിക പീഡനക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നിയമമന്ത്രി ജിതേന്ദ്രര്‍സിങ് തോമര്‍ വ്യാജ ബിരുദ കേസില്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു. കോണ്ട്‌ലി എം.എല്‍.എ. മനോജ്കുമാര്‍ ഭൂമിതട്ടിപ്പു കേസില്‍ പ്രതിയാണ്. മറ്റൊരു എം.എല്‍.എ. സുരീന്ദര്‍ സിങ് ഡല്‍ഹി കോര്‍പറേഷനിലെ ജീവനക്കാരനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്നു.
Next Story

RELATED STORIES

Share it