ബിജെപിയുടെ സൈബര്‍ വാര്‍ തുടക്കത്തിലേ പാളി; വ്യാജ കാംപയ്‌നെതിരേ ചല ച്ചിത്രതാരങ്ങള്‍

തൃശൂര്‍: സൈബര്‍ ലോകത്ത് മോദിയെ സൂപ്പര്‍ഹിറ്റാക്കിയ മാതൃകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം സൈബര്‍ വാറെന്ന പേരില്‍ ബിജെപി സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ച പ്രചാരണങ്ങള്‍ പൊളിച്ചടുക്കി മല്ലൂസ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ബിജെപി സൈബര്‍ വിങും സംഘപരിവാര അനുകൂല ഗ്രൂപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മോദി വികസന മാതൃക മുതല്‍ സിനിമാ താരങ്ങളുടെ പേരിലുള്ള ബിജെപി അനുകൂല പോസ്റ്റുകള്‍ വരെ വ്യാജമാണെന്നു തെളിയിക്കുകയാണ് സൈബര്‍ലോകത്തെ ബിജെപി വിരുദ്ധ മലയാളി കൂട്ടായ്മകള്‍.
ചലച്ചിത്രതാരങ്ങളായ ബാലചന്ദ്രമേനോന്‍, പൃഥിരാജ്, നീരജ്മാധവ്, ഉണ്ണി മുകുന്ദന്‍, ഗായിക ഗായത്രി എന്നിവര്‍ ബിജെപിയെ പിന്തുണച്ചെന്ന പേരില്‍ പടച്ചുവിട്ട പോസ്റ്റുകളെല്ലാം വ്യാജമാണെന്ന് സംഘിവിരുദ്ധര്‍ തെളിയിച്ചുകഴിഞ്ഞു. പൃഥിരാജ്, നീരജ് മാധവ്, ബാലചന്ദ്രമേനോന്‍, ഗായത്രി എന്നിവര്‍ വ്യാജ പോസ്റ്റുകളെ സംബന്ധിച്ചു വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ അനുകൂലിച്ചുകൊണ്ട് താന്‍ പോസ്റ്റ് ചെയ്തതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പൃഥിരാജ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഒരു പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് നടന്‍ നീരജ് കുറിച്ചു. പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ചുപോട്ടെ എന്ന് തമാശരൂപേണെയുള്ള പരാമര്‍ശവും നീരജ് നടത്തുന്നുണ്ട്. താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമല്ലെന്നു ഗായിക ഗായത്രി പോസ്റ്റ് ചെയ്തു. താന്‍ ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്നു പറഞ്ഞെന്ന തരത്തില്‍ തന്റെ ചിത്രം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്നത് അനുവാദമില്ലാതെയാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗായത്രി പറഞ്ഞു.
കഴിഞ്ഞദിവസം ബിജെപിയുടെ സൈബര്‍ ടീം ട്വിറ്ററില്‍ സേവ് കേരള എന്നൊരു ഹാഷ് ടാഗ് കാംപയിന്‍ സംഘടിപ്പിക്കുകയുണ്ടായി. അതും മല്ലൂസ് പൊളിച്ചെന്നു മാത്രമല്ല ബിജെപിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കേരളത്തില്‍ എന്തോ വലിയ പ്രശ്‌നം നടക്കുകയാണെന്നും കേരളത്തെ രക്ഷിച്ചെടുക്കണമെന്നുമായിരുന്നു സേവ് കേരള ഹാഷ് ടാഗിലൂടെ സംഘപരിവാരത്തിന്റെ ആഹ്വാനം. എന്നാല്‍ അധികം വൈകാതെ ഇതിനെതിരേ ട്വിറ്ററില്‍ മലയാളികള്‍ ഒരുമിച്ചിറങ്ങി. സേവ് കേരള കാംപയിന് പകരമായി 'സേവ് നോര്‍ത്ത് ഇന്ത്യ' കാംപയിന് അവര്‍ തുടക്കമിട്ടു. വ്യാജ ഏറ്റുമുട്ടലുകളില്‍ നിന്നും ബീഫ് കൊലപാതകങ്ങളില്‍ നിന്നും ഭീകരതയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഉത്തരേന്ത്യയെ രക്ഷിക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
അല്‍പസമയത്തിനകം തന്നെ 'സേവ് നോര്‍ത്ത് ഇന്ത്യ' ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത്. കേരളം ഒരു മതേതരത്വ നാടാണ്. അത് അങ്ങനെ തുടരുകതന്നെ ചെയ്യും. അതില്‍ ബിജെപിയുടെ കൈകടത്തലുകള്‍ വേണ്ടെന്ന തരത്തിലുള്ള കാംപയ്‌നും വ്യാപകമായി ട്വിറ്ററില്‍ നടന്നു.
Next Story

RELATED STORIES

Share it