World

എസ് 400 മിസൈല്‍ ഖത്തറിന് നല്‍കുമെന്ന് റഷ്യ

മോസ്‌കോ: സൗദി അറേബ്യയുടെ എതിര്‍പ്പിനെ അവഗണിച്ച് ഖത്തറിന് എസ് 400 മിസൈല്‍ നല്‍കാനാണ് തങ്ങളുടെ തീരുമാനമെന്ന് റഷ്യന്‍ പാര്‍ലമെന്റ് ഉപസമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്‌സീ കോണ്‍ഡ്രേട്യാവ്് അറിയിച്ചു. ഖത്തറിന് എസ് 400 മിസൈലുകള്‍ വിതരണം ചെയ്യുന്നതിലും രാജ്യത്തിന്റെ ഖജനാവിലേക്ക് പണം സ്വരൂപിക്കുന്നതിലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് റഷ്യ ശ്രമിക്കുന്നത്്. സൗദി അറേബ്യയുടെ താല്‍പര്യങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കും വഹിക്കാനാവില്ല. റഷ്യയുടെ പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
മേഖലകളില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സൗദി ഭരണാധികാരി കത്തയച്ചതായി ലീ മോണ്ടെ ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.
ഖത്തറിന്റെ മിസൈല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള ആശങ്കയും രാജാവ് ഫ്രഞ്ച് പ്രസിഡന്റിന് എഴുതിയ കത്തില്‍ വ്യക്തമാക്കി. ഖത്തറിന്റെ ഭാഗത്തുനിന്ന് ഇത്തരം നീക്കമുണ്ടായാല്‍ തങ്ങള്‍ സൈനിക നടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. എസ് 400 മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച് മോസ്‌കോയുമായി പ്രാഥമിക ചര്‍ച്ചയിലാണെന്ന് ജനുവരിയില്‍ ഖത്തര്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it