എസ്-400 ട്രയംഫ് മിസൈല്‍കരാര്‍ തുകയില്‍ ഇന്ത്യ-റഷ്യ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിക്കുന്നതിനുള്ള കരാറില്‍ തുക സംബന്ധിച്ച റഷ്യയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 40,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും റഷ്യയും ധാരണയിലെത്തിയത്.
റഷ്യക്കെതിരേ യുഎസ് ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ത്യയുമായുള്ള കരാര്‍. റഷ്യന്‍ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് യുഎസിന്റെ ഉപരോധം.
ഈ വ്യവസ്ഥയെ മറികടക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയും റഷ്യയുമെന്ന് കരാര്‍ ചര്‍ച്ചകളില്‍ പങ്കാളികളായ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കരാര്‍ തുക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പായി കരാര്‍ സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റഷ്യയിലെ സോചിയില്‍ നടന്ന മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ യുഎസ് ഉപരോധം കരാറിനെ ബാധിക്കുന്നത് സംബന്ധിച്ചു ചര്‍ച്ചചെയ്തതായാണ് റിപോര്‍ട്ട്.
2016ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. 2016ലാണ് ട്രയംഫ് മിസൈലുകള്‍ക്കായുള്ള പ്രാഥമിക കരാറില്‍ ഇന്ത്യയും റഷ്യയും ധാരണയിലെത്തിയത്.
Next Story

RELATED STORIES

Share it