kozhikode local

എസ് ബിഐ മുഖ്യശാഖയില്‍ കവര്‍ച്ചാശ്രമം



കോഴിക്കോട്: എസ്ബിഐയുടെ മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യശാഖയില്‍ കവര്‍ച്ചാശ്രമം. ബാങ്കിന് അനുബന്ധമായുള്ള പണം ഡെപോസിറ്റ് മെഷീനുകള്‍ സ്ഥാപിച്ച കൗണ്ടറിനകത്താണ് കവര്‍ച്ചാശ്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ 2.02നും 2.07നും ഇടയിലാണ് മോഷണശ്രമം ഉണ്ടായതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യമുള്ള രണ്ട് മെഷീനുകളാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടിന്റെയും വാതിലുകള്‍ പൊളിച്ച നിലയിലായിരുന്നു. കേഷ് നിക്ഷേപിക്കുന്നതിന് മറ്റൊരു ലോക്കര്‍ കൂടിയുള്ളതിനാല്‍ പണം നഷ്ടമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. രണ്ട് മെഷീനുകളില്‍ ഒന്ന് ഏതാനും മാസമായി പ്രവര്‍ത്തനരഹിതമാണെന്ന് ബാങ്ക് അധികാരികള്‍ പറഞ്ഞു. പാന്റ്‌സും ശരീരം ഒന്നാകെ മൂടുന്ന ഇരുണ്ട നിറത്തിലുള്ള മേല്‍ക്കുപ്പായവും മുഖംമൂടിയും കൈയുറയും അണിഞ്ഞ ആളാണ് കവര്‍ച്ചക്ക് എത്തിയത്. കൈയില്‍ ചെറിയ പാരയും ബാഗും ഉണ്ടായിരുന്നതായി ബാങ്കിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന്  വ്യക്തമായി. ബാങ്കിന് പുറത്ത് കാവല്‍ക്കാരന്‍ ഉണ്ടായിരുന്നുവെങ്കിലും അയാള്‍ ബാങ്കിന്റെ പിന്‍ഭാഗത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ചാശ്രമം നടന്നത്. രാവിലെ അഞ്ചുമണിക്കാണ് പരിശോധനയില്‍ കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പെട്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മനോജ് പറഞ്ഞു. ഉടന്‍തന്നെ ബാങ്കിന് അകത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അവര്‍ പോലിസിനെ വിവരമറിയിച്ചു. ടൗണ്‍ പോലിസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബാങ്കിന്റെ മുന്‍വശത്തെ വരാന്തയോട് ചേര്‍ന്നുള്ള സിഡിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഇതിനോട് ചേര്‍ന്നുള്ള ഭാഗത്തെ സിസിടിവി ക്യമാറകള്‍ ദിശ മാറ്റിയ നിലയിലായിരുന്നു. ബാങ്കില്‍ രാത്രി ഒമ്പത് മണിവരെയാണ് സുരക്ഷാജീവനക്കാരന്റെ സേവനം സിഡിഎം സെന്ററില്‍ മാത്രമായി ഉണ്ടാവുക. അതിനുശേഷം സെക്യൂരിറ്റി ജീവനക്കാരന്റെ പട്രോളിങ് ആണ് ഉണ്ടാവുക. പട്രോളിങിന്റെ ഭാഗമായി ബാങ്കിന്റെ പുറത്തു മുഴുവന്‍ പരിശോധിക്കുന്ന ചുമതല ഇയാള്‍ക്കാണ്. ഇന്നലെ മനോജ് ആയിരുന്നു ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് കൈമാറി. ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പി ബി രാജീവ്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ പി അബ്ദുല്‍റസാഖ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടൗണ്‍ എസ്‌ഐ മുരളീധരനാണ് അന്വേഷണച്ചുമതല. ഫോറന്‍സിക് വിഭാഗം സയന്റിഫിക് ഓഫിസര്‍ വി വിനീത്, വിരലടയാള വിദഗ്ധരായ ദിനേശന്‍, കരീം എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it