Flash News

എസ്.ഡി.പി.ഐ ദേശീയ പ്രതിനിധിസഭക്ക് തുടക്കമായി

എസ്.ഡി.പി.ഐ ദേശീയ പ്രതിനിധിസഭക്ക്  തുടക്കമായി
X


ബെംഗളുരു:  ദേശീയ പ്രസിഡന്റ് എ സഈദ് പതാക ഉയര്‍ത്തിയതോടെ എസ്.ഡി.പി.ഐ ദ്വിദിന ദേശീയ പ്രതിനിധി സഭക്ക് ബാംഗ്ലൂര്‍ പാലാനഭവനില്‍ തുടക്കമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സത്യസന്ധത കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നും അത് തിരിച്ചു കൊണ്ടുവരുന്ന ഉത്തരവാദിത്വമാണ് എസ്ഡിപിഐ ലക്ഷ്യമെന്നും എ.സഈദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സുഹറാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ഒഴിവാക്കുന്നതിനു ആകര്‍ഷകമായ ഓഫറുകള്‍ പോലും സ്വീകരിക്കാത്ത, നീതിബോധത്തിനു വേണ്ടി ജീവന്‍ വെടിയേണ്ടിവന്ന ജസ്റ്റീസ് ലോയ സത്യസന്ധതയുടെ ഉത്തമ ഉദാഹരണമാണ്.
വെറുപ്പ്, അക്രമം, വര്‍ഗീയത എന്നിവ കൈമുതലാക്കിയ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റേയും മറ്റു പാര്‍ട്ടികളുടേയും കെടുകാര്യസ്ഥതയാണ്. കോണ്‍ഗ്രസിന്റെ കാലത്തും ആയിരകണക്കിനാളുകള്‍ ഏറ്റുമുട്ടല്‍ കൊലകളുടേയും കലാപങ്ങളുടേയും ഇരകളായിട്ടുണ്ടായിരുന്നു. ഇന്നും അത് തുടരുന്നു. അവര്‍ക്ക് ഫലപ്രദമായ രക്ഷാമാര്‍ഗ്ഗം കാണിച്ചു കൊടുക്കുവാന്‍ ഇന്നുവരെ കോണ്‍ഗ്രസിനായിട്ടില്ല.
പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹാരം കാണുന്നതിലും കോണ്‍ഗ്രസ് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും പരാജയമാണ്. രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുകയാണവര്‍.
വിവിധ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകളെല്ലാം കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്തുന്നത്.ഭീമമായ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി കുത്തക കമ്പനികളുമായി കരാറുകളുണ്ടാക്കുന്നു.
ക്ഷേമരാഷ്ട്ര നിര്‍മ്മാണമാണ് എസ്.ഡി.പി.ഐ ലക്ഷ്യം. വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ മതേതരത്വത്തില്‍ ഊന്നി നിന്നുകൊണ്ട് എസ്.ഡി.പി.ഐ പരിശ്രമിക്കും. വിശപ്പിനെ അകറ്റുവാന്‍ വിശപ്പ് സഹിക്കാന്‍ തയ്യാറുള്ള ഒരു സമൂഹത്തേയും ഭയമകറ്റുവാന്‍ മനസ്സില്‍ ഭയമില്ലാത്തവരേയും വളര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിക്കുന്നുണ്ടെന്നും എ.സഈദ് പറഞ്ഞു.
ദേശീയ ജനറല്‍ സിക്രട്ടറി ഇല്ല്യാസ് മുഹമ്മദ് തുംമ്പെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ദേശീയ ഭാരവാഹികളായ എം.കെ.ഫൈസി, മുഹമ്മദ് ഷഫി, അഡ്വ.ശറഫുദ്ദീന്‍ അഹമ്മദ്, പ്രൊ.നസ്‌നിന്‍ ബീഗം, ആര്‍ പി.പാണ്ഡേ, യാസ്മിന്‍ ഫാറൂഖി തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 2018-2021 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഇന്നു ദേശീയ പ്രതിനിധി സഭ സമാപിക്കും.
Next Story

RELATED STORIES

Share it