Flash News

എസ് ഡിപിഐ ഡോ. അംബേദ്കര്‍ മാധ്യമപുരസ്‌കാര സമര്‍പ്പണം നാളെ ; രാധിക വെമുല മുഖ്യാതിഥി



തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. അംബേദ്കര്‍ മാധ്യമപുരസ്‌കാരവും രോഹിത് വെമുല ഉപന്യാസ മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നാളെ വൈകീട്ട് 3ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. ചടങ്ങില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യാതിഥിയായിരിക്കും. രോഹിത് വെമുലയുടെ സ്മരണാര്‍ഥം കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസമല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം രാധിക വെമുല നിര്‍വഹിക്കും. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി വര്‍ഷംതോറും നല്‍കിവരുന്ന ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ഈ വര്‍ഷം പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ സുനിലിന് (മാധ്യമം) സമ്മാനിക്കും.  പ്രകൃതിയോടുള്ള മനുഷ്യന്റെ കൈയേറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച പ്രമുഖ കവിയും സംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രനെയും ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ജേതാവ് ഇ പി കാര്‍ത്തികേയനെയും (മംഗളം, തൃശൂര്‍) ചടങ്ങില്‍ ആദരിക്കും. പരിപാടി എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ജീവന്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ജെ ആന്റണി, നാരാദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, അബ്ദുല്‍ റഷീദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it