എസ് എസ് വാസനെതിരേ കോണ്‍ഗ്രസ്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍, കെ ബാബു എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ച തൃശൂര്‍ വിജിലന്‍സ് ആന്റീ കറപ്ഷന്‍ സ്‌പെഷ്യല്‍ ജഡ്ജി എസ്എസ് വാസനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാക്കളും മുഖപത്രവും. സൂര്യനെല്ലി കേസ് പ്രതി ധര്‍മരാജന്റെ സഹോദരനാണ് വാസന്‍ എന്ന ശീര്‍ഷകത്തില്‍ വീക്ഷണം അഞ്ചാംപേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സൂര്യനെല്ലി കേസിലെ ധര്‍മരാജന്റെ സഹോദരനാണ് ജഡ്ജിയെന്നും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ അംഗമാണെന്നും കോണ്‍ഗ്രസ്സ് മുഖപത്രം പറയുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയില്‍ വിജിലന്‍സ് കോടതി പങ്കാളിയായെന്ന ആരോപണങ്ങള്‍ പ്രസക്തമാണെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായ ഡീന്‍ കുര്യാക്കോസ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജിക്ക് രാഷ്ട്രീയഭ്രാന്താണെന്നാണ് ആരോപിച്ചത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് നേതാവ് ടി സിദ്ദീഖ് പറഞ്ഞത് കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ് ജഡ്ജി എന്നായിരുന്നു. ഇന്നലെ കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസന്‍ പറഞ്ഞത് തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിന് പിന്നില്‍ മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമോ രാഷ്ട്രീയ താല്‍പര്യമോ ആയിരിക്കും എന്നാണ്. വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും തൃശൂരിലെ കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജഡ്ജി വാസന്റെ ശവമഞ്ചവും പേറിയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സ് മാര്‍ച്ച്.
ഉപ്പുതിന്നാത്തവരെ വെള്ളം കുടിപ്പിക്കരുത് എന്ന ശീര്‍ഷകത്തില്‍ കോണ്‍ഗ്രസ്സ് മുഖപത്രം ഇന്നലെ എഴുതിയ മുഖപ്രസംഗത്തിലും തൃശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരേ പരാമര്‍ശങ്ങളുണ്ട്. ജഡ്ജിയുടെ ഉത്തരവിലെ പല പരാമര്‍ശങ്ങളും മുന്‍വിധിയോടെ ഉള്ളതാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയും ആര്യാടനും ഉപ്പുതിന്നിട്ടുണ്ടെന്ന് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ഉറപ്പാക്കിയിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it