എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യത്തിനെതിരേ കോണ്‍ഗ്രസ്

തിരുവനന്തപുരം: വര്‍ഗീയത ഇളക്കിവിട്ടുള്ള എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യം തെക്കന്‍ കേരളത്തില്‍ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ തുറന്നെതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതു തടയുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ഗീയത ഇളക്കിവിടാന്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വ്യക്തമാക്കി. കെ.പി.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി-എസ്.എന്‍.ഡി.പി. ബന്ധത്തോടു മൃദുസമീപനം വേണ്ടെന്നാണ് ചര്‍ച്ചയിലുണ്ടായ പൊതുധാരണ.

വര്‍ഗീയ അജണ്ടയുമായി കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി. നീക്കം വിജയിക്കില്ലെന്ന് വി എം സുധീരന്‍ പറഞ്ഞു.  നരേന്ദ്ര മോദി-അമിത്ഷാ കമ്പനിയുടെ വര്‍ഗീയ അജണ്ട കേരളത്തില്‍ പച്ചതൊടില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസത്തിനും രാഷ്ട്രീയ ഫാഷിസത്തിനും എതിരായുള്ള വമ്പിച്ച പോരാട്ടമാണ് യു.ഡി.എഫും കോണ്‍ഗ്രസ്സും നടത്തുന്നത്. കേരളത്തെ വര്‍ഗീയ കൂട്ടുകെട്ടില്‍ കൊണ്ടെത്തിക്കാന്‍ ആരു നോക്കിയാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബി.ജെ.പി. ഒരിക്കലും കേരളത്തില്‍ നേട്ടമുണ്ടാക്കില്ല. കേരളം വിഭാഗീയതയ്ക്ക് വളക്കൂറുള്ള മണ്ണല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ആര്‍.എസ്.എസിന്റെയും അജണ്ട കേരളത്തില്‍ നടപ്പാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ഒരു സമുദായത്തോടും പ്രത്യേക പ്രീണനം കാട്ടിയിട്ടില്ല. എല്ലാ വിഭാഗത്തിനും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഉല്‍പ്പന്നമാണ് യു.ഡി.എഫ്. സര്‍ക്കാറെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it