palakkad local

എസ്‌സി-എസ്ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം കിട്ടാക്കനിയാവുന്നു

കെ കെ പരമേശ്വരന്‍

കൂറ്റനാട്: സര്‍ക്കാര്‍ കോളജുകളിലും മറ്റും പഠിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുനല്‍കിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കിട്ടാക്കനിയായി മാറുന്നു. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പുസ്തകം വാങ്ങാനാണ് ലംപ്‌സംഗ്രാന്റ് നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനനുസരിച്ച് ഇതിന്റെ തുക കൂടുകയും ചെയ്യും. ഈ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ യാത്രാചെലവിനും മറ്റുമാണ് സ്റ്റെപ്പന്റ് നല്‍കുന്നത്.
ആദ്യകാലങ്ങളില്‍ കോളജ് തുറന്ന് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായമായി ലപ്‌സം ഗ്രാന്റ് ലഭിച്ചിരുന്നു. ഇതുകൂടാതെ മാസാമാസം സ്റ്റൈപ്പന്റും ലഭിച്ചിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിക്ക് ലംപ്‌സംഗ്രാന്റായി മൂവായിരം രൂപയും സ്റ്റൈപന്റായി അറുനൂറ് രൂപയുമാണ് ലഭിക്കുക. ഒട്ടുമിക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഇവ വിദ്യാര്‍ഥികളുടെ അക്കൗണ്ട് വഴി വിതരണം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും ഇവ ലഭിക്കുന്നില്ലെന്നാണ് പരാതി.
ഡിഗ്രിക്കും എന്‍ജിനീയറി ങിനുമൊക്കെ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും അവരുടെ പഠനകാലത്ത് ഇവ ലഭ്യമായില്ലെന്നും പറയുന്നു. പല പഠിതാക്കള്‍ക്കും കോളജുകള്‍ വിട്ടുപോയി ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞും സ്‌റ്റൈപ്പന്റ് ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ആദ്യകാലങ്ങളില്‍ ഇവ രണ്ടും കോളജ് ഓഫിസുകളില്‍ നിന്ന് നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമായിരുന്നു. എന്നാല്‍ പുതിയ സമ്പ്രദായമനുസരിച്ച് വിദ്യാര്‍ഥികളുടെ ഗ്രാന്റുകളും മറ്റ് ബാങ്ക് അക്കൗണ്ട് വഴിയാക്കിയതോടെയാണ് ഈ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ താളം തെറ്റിയത്.
ഇവയില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്ര ഒത്താശയോടെ ബാങ്കുകളുടെ കടുംപിടുത്തവും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. സുപ്രീം കോടതി ആധാര്‍കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതെന്നറിയുന്നു.
സ്റ്റൈപ്പന്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജ് അധികാരകളെ സമീപിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായുള്ള മറുപടിയാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ നിരന്തരമെന്നോണം ബാങ്കുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവരുടെ അക്കൗണ്ടില്‍ ഒന്നര വര്‍ഷത്തെയും രണ്ട് വര്‍ഷത്തേയും വരെ സ്റ്റൈപ്പന്റുകള്‍ എത്തിയിട്ടില്ല.
സര്‍ക്കാര്‍ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ടിവന്ന എസ് സി, എസ് ടി വിഭാഗങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റോ സ്‌റ്റൈപ്പന്റോ ലഭിച്ചിട്ടില്ല. സ്ഥാപന മേധാവികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെന്നുമുള്ള മറുപടിയാണ് നല്‍കുന്നത്.
എന്തായാലും എസ് സി-എസ് ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കാലങ്ങളായി നടപപാക്കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോവുന്നത് ഈ വിഭാഗം വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്തുനിര്‍ത്താനുള്ള തന്ത്രമാണെന്നും വിമര്‍ശനമുയരുന്നു. ഇക്കാര്യം രാജ്യത്ത് വന്‍പ്രക്ഷോഭത്തിന് കാരണമാക്കുമെന്ന് പട്ടികജാതി സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പും നല്‍കുന്നു.
Next Story

RELATED STORIES

Share it